ഏത് വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോവുകയെന്നത് വല്ലിട്ടീച്ചറുടെ ജീവിതത്തിന്റെ ഭാഗമാണ്. സവര്‍ണവിഭാഗത്തില്‍ ജനിച്ച ഒരു സ്ത്രീയ്ക്ക് 1960-കളില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചതും അനിതരസാധാരണമായ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ടാണ്.
പതിനാറാം വയസ്സില്‍ നാടകാഭിനയത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് പോലും പ്രോത്സാഹനമോ പിന്തുണയോ ലഭിച്ചില്ല. നാനാഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകളുടെ പരമ്പരകള്‍ തന്നെ ടീച്ചര്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം കെടാതെ സൂക്ഷിക്കാന്‍ ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളുമാണ് തന്റെ ജീവിതം പാകപ്പെടുത്തിയതെന്ന് ടീച്ചര്‍ പറയും.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്ത് പ്രസിദ്ധമായ ചന്ദ്രോത്ത് തറവാട്ടിലാണ് ടീച്ചര്‍ ജനിച്ചത്. അന്നത്തെ നാട്ടുപ്രമാണിമാരുടെ കുടുംബമായിരുന്നു ചന്ദ്രോത്ത് തറവാട്. റെയില്‍വെ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ഒന്‍പത് വയസ്സുവരെ ദല്‍ഹിയിലായിരുന്നു വല്ലിടീച്ചര്‍ താമസിച്ചിരുന്നത്. അച്ഛന്റെ മരണമാണ് ടീച്ചറുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഹാകവി കുട്ടമത്തിന്റെ ബാലഗോപാലന് എന്ന നാടകത്തില്‍ ബാലഗോപാലനായി വേഷമിട്ടാണ് അഭിനയം തുടങ്ങിയത്. പതിനാറാം വയസ്സിലാണ് അമച്വര്‍ നാടകരംഗത്ത് സജീവമായത്.
ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സി.എല്‍. ജോസിന്റെ നാടകങ്ങളിലാണ് ടീച്ചര്‍ അഭിനയിച്ചു തുടങ്ങിയത്. അറുപത്തിനാലോളം നാടകങ്ങളില്‍ ടീച്ചര്‍ അഭിനയിച്ചിട്ടുണ്ട്. തളിപ്പറമ്പ് ടാഗോര്‍ നിലയം, നീലേശ്വരം ജനതകലാസമിതി, ഉദയകലാ സമിതി തുടങ്ങി നിരവധി കലാസമിതികള്‍ക്ക് ഒരുകാലഘട്ടത്തില്‍ ടീച്ചറെ ഒഴിച്ചുനിര്‍ത്തിയുള്ള നാടകങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.
നൃത്തവും സംഗീതവും അഭിനയവും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ടീച്ചര്‍ക്ക് സാധിച്ചിരുന്നു. പഴശ്ശിരാജ എന്ന നാടകത്തില്‍ യശശ്ശരീരനായ കെ. രാഘവന് മാസ്റ്റര്‍ സംഗീതം നല്കിയ ഗാനം ആലപിച്ചത് വല്ലി ടീച്ചറായിരുന്നു. അന്തരിച്ച പി.വി.കെ. നെടുങ്ങാടി വല്ലിടീച്ചറെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നുവെങ്കിലും കുടുംബക്കാരുടെ എതിര്‍പ്പും വീട്ടിലെ ദാരിദ്ര്യാവസ്ഥയും കാരണം അതിനു സാധിച്ചില്ല. കലാമണ്ഡലത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ ടീച്ചറുടെ ജീവിതംതന്നെ മറ്റൊന്നാകുമായിരുന്നു.
അഭിനയത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ കാര്യം നോക്കിയതും ടിടിസിക്ക് പഠിച്ചതും. 1966 ല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് യുപി സ്കൂളില്‍ അധ്യാപികയായി ചേര്‍ന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്ന് നല്‍കുന്നതോടൊപ്പം സംഗീതം, നൃത്തം, നാടകാഭിനയം എന്നിവയില്‍ പരിശീലനം നല്‍കാനും ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1998 ല്‍ അധ്യാപക വൃത്തിയില്‍ നിന്ന് റിട്ടയര്‍ ചെയ്തെങ്കിലും ടീച്ചര്‍ ഇപ്പോഴും കര്‍മ്മനിരതയാണ്. കണ്ണൂരിലെ കലാ സാംസ്കാരിക മേഖലയില്‍ വല്ലിട്ടീച്ചര്‍ ഇപ്പോഴും നിറസാന്നിധ്യമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മൊഴിയാട്ടം പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.
1968 ല്‍ ടീച്ചറുടെ ജീവിതപങ്കാളിയായി കടന്നുവന്ന പ്രശസ്തമായ ചിറക്കല്‍ തറവാട്ടിലെ ടി. കുഞ്ഞിരാമന് നായര്‍ 2008 ല്‍ അന്തരിച്ചു. വിരമിച്ച ശേഷമുള്ള ജീവിതത്തില്‍, പിന്നിട്ട വഴികളെക്കുറിച്ച് ടീച്ചര്‍ക്ക് അഭിമാനമാണ്. പുതുതലമുറയില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടെങ്കിലും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള കഴിവ് കുറവാണെന്ന് ടീച്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: