രേബാകൃഷ്ണ വിരമിക്കുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒരേയൊരു തിരുവാതിര അദ്ധ്യാപികയായ ഇവര്‍ ഈ മാര്‍ച്ച് 31നാണ് സര്‍വീസില്‍ നിന്നു വിരമിക്കുന്നത്.
സംസ്ഥാനത്തെ തിരുവാതിര പാഠ്യവിഷയമായ കോഴിക്കോട് ചാലപ്പുറം ഗവ. അച്യുതന് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നുമാണ് ഈ അദ്ധ്യാപിക ‘ചരിത്രം രചിച്ചുകൊണ്ട് വിരമിക്കുന്നത്. തന്റെ ചരിത്രം തിരുത്തുവാനുള്ള ‘ചുവടുവയ്പ്പുകള്‍’ ഇന്നല്ലെങ്കില്‍ നാളെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
കലാമണ്ഡലത്തില്‍ നിന്നും ശാസ്ത്രീയനൃത്തത്തില്‍ ഡിപ്ലോമ നേടിയതിന് ശേഷം 1988 ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ നിയമിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം പിഎസ്സി വഴി സ്ഥിരപ്പെടുത്തുകയും ചെയ്തു.
മത്സര വേദികളില്‍ മാത്രം ഒതുങ്ങിപ്പോയ തിരുവാതിരയെ അതിന്റെ തനിമയും ഗരിമയും കൈവിടാതെ നൂറുകണക്കിന് മങ്കമാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠിതമാക്കിയതിന്റെ നിര്‍വൃതിയുമായാണ് രേബാകൃഷ്ണ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യ പരിഗണന നല്കുന്ന ‘കാഴ്ചപ്പാട്’ ഉണ്ടാകണമെന്ന ആവശ്യമുയര്‍ത്തുന്ന ഈ ടീച്ചര്‍ തന്റെ ശിഷ്യത്വം സ്വീകരിച്ച വിദ്യാര്‍ത്ഥിനികള്‍ തിരുവാതിരക്കളിയെ നെഞ്ചേറ്റുന്നത് അഭിമാനത്തിനൊപ്പം പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ടെന്നും പറഞ്ഞു. കലോത്സവ വേദികളിലെ സ്ഥിരം വിധി കര്‍ത്താവുകൂടിയാണ് കൊയിലാണ്ടിയില്‍ താമസിക്കുന്ന രേബാകൃഷ്ണ. ഭര്‍ത്താവ് രാജന്. മക്കള്‍: സൈരജ്, ശ്വേത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: