ഞെട്ടിപ്പോകും കേട്ടാല്‍. ആവര്‍ത്തിച്ച് ഓര്‍മ്മിക്കുമ്പോള്‍ കുളിരു കോരിയിടും. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെന്നാല്‍ അത്ര ജീവന്റെ ജീവനാണല്ലോ. ഈ വാര്‍ത്ത ഝാര്‍ഖണ്ഡില്‍നിന്നാണ്- കുഞ്ഞുങ്ങളെ പോറ്റാന്‍ വിവിധ ജോലികള്‍ക്കായി പുറത്തു പോയി മടങ്ങി വരുമ്പോള്‍ ഊരില്‍ കുഞ്ഞില്ല. കൈക്കുഞ്ഞാണെങ്കില് തൊട്ടിലിലല്ല, കളിക്കാന്‍ പ്രായക്കാരാണെങ്കില്‍ വീട്ടിലില്ല, കുറച്ചുകൂടി മുതിര്‍ന്നതാണെങ്കില്‍ ആ പരിസരത്തെവിടെ തിരഞ്ഞാലും ഇല്ലേയില്ല!!
ഇത് ഒരമ്മയുടെ ദുഃഖമല്ല, ഇവിടെ ഈ നാട്ടില്‍ ചിലയിടങ്ങളില്‍ ഇങ്ങനെ പതിവാണ്. ഝാര്‍ഖണ്ഡിലെ ഖൂംഡി ജില്ലയിലുള്ള വനവാസി ഊരില്‍നിന്നാണ് ഈ ഞെട്ടിക്കല്‍. ഒരു രക്ഷിതാവു പറയുന്നു, ” ഞങ്ങള്‍ ജോലിക്കുപോയി തിരിച്ചെത്തിയപ്പോള്‍ മകളെ കാണാനില്ല. അവള്‍ക്ക് 12 വയസ്സായിരുന്നു പ്രായം. ഒടുവില്‍ അന്വേഷണത്തിനൊടുവില്‍ ചിലര്‍ പറഞ്ഞു കുട്ടികളെ കടത്തുന്ന ഏതോ ഏജന്റ് തട്ടിക്കൊണ്ടുപോയെന്ന്. അയാളെ പൊലീസ് പിടികൂടി. പക്ഷേ, മകളെ കിട്ടിയില്ല. അവള് ഒരുദിവസം തിരിച്ചെത്തും.’
ഇതിവരുടെ മാത്രം പരാതിയല്ല. ഇവിടെയുളള ഓരോ കുടുംബത്തിനും ഇത്തരത്തില്‍ നിരവധി അനുഭവകഥകള്‍ പറയാനുണ്ടാവും. അവരുടെ കുരുന്നുകളും പൊന്നോമനകളും അപ്രത്യക്ഷരാകുന്നതിന്റെ കഥ.
പക്ഷേ, ഈ സംഭവങ്ങള്‍ ഇവിടെ വാര്‍ത്തകളില്‍ നിന്നുപോലും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു. കാരണം സംസ്ഥാനത്ത് ഇതു നിത്യസംഭവമാണ്. മനുഷ്യക്കടത്തിന്, പ്രത്യേകിച്ചു കുട്ടികളെ അന്യ സംസ്ഥാനങ്ങളിലേക്കു കടത്തുന്നതിന് ഈ സംസ്ഥാനം കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളാണ് പ്രതിവര്‍ഷം ഇവിടെ നിന്ന് ദല്‍ഹിയിലേക്കും മറ്റിടങ്ങളിലേക്കും കടത്തപ്പെടുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ നാലായിരത്തോളം കുട്ടികളെ ഇവിടുന്നു കാണാതായെന്നു കേട്ടാല്‍ എങ്ങനെ മനസ്സാക്ഷിയുള്ളവര്‍ക്ക് ഉറങ്ങാന്‍ പറ്റും. അതില്‍ ചിലരെ കണ്ടെത്തി. ആയിരത്തിലധികം പേരെക്കുറിച്ച് ഒരു വിവരവുമില്ല.
വനവാസി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് കാണാതായവരില്‍ ഭൂരിഭാഗവും. ഇവരെ വീട്ടു ജോലിക്കു വിനിയോഗിക്കുന്നുവെന്ന് പറയപ്പെടുന്നു. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും അത്തരം അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്. ഇവരില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുമുണ്ട്. രക്ഷപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് ഭീതിപ്പെടുത്തുന്ന കഥകളാണ് പറയാനുളളത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമായിരിക്കും ശരിക്കുള്ള കണക്കുകള്‍ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ശക്തി വാഹിനി പറയുന്നു. അംഗീകാരമോ രജിസ്ട്രേഷനോ ഇല്ലാത്ത സംഘടനകളുടെ പേരിലാണ് കുട്ടികളെ കടത്തുന്നത്. ആദിവാസി ഊരുകളിലെ ദാരിദ്ര്യവും ശോചനീയാവസ്ഥയും ഇവര്‍ മുതലെടുക്കുക ആണെന്നും ശക്തി പറയുന്നു.
ഇരുപതിലധികം മനുഷ്യക്കടത്ത് സംഘങ്ങളെയാണ് പേയവര്ഷം പിടികൂടിയതെന്ന് സബ് ഇന്‍സ്പെക്ടര്‍ ആരാധന സിംഗ് പറയുന്നു. ഇരുപതിനായിരത്തിലധികം പെണ്‍കുട്ടികളെ അന്ന് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: