നാഗ്പൂരിന് പതിനെട്ടു കിലോമീറ്റര്‍ മാറിയുള്ള ഖപെര്ഘേദാ വാല്നിയിലെ കിഷോര്‍ ദേവി നിവാസില്‍ ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകളാണ്. അതിഥികളെ സ്വീകരിക്കുന്നതിന്റെയും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന്റെയുമൊക്കെ തിരക്കിലാണ് ആ വീട്ടുകാര്‍. ഇന്ത്യന്‍ പേസ് അറ്റാക്കിലെ യുവരക്തമായ ഉമേഷ് യാദവിന്റെ ഭവനമത്. തിരക്കിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ?. ടീം ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് പ്രയാണത്തിന് ഉമേഷ് ഇന്ധനം പകരുന്ന വേളയില്‍.
ഇന്ത്യന്‍ പേസര്‍മാരെ പണ്ടു മുതല്ക്കേ ആരും അത്രയ്ക്കങ്ങു വകവെച്ചിട്ടില്ല. ഇത്തവണ മുഹമ്മദ് ഷാമിയും ഉമേഷുമൊക്കെ ചേര്‍ന്ന് പേരുദോഷം മാറ്റിയെടുത്തു. ലോകകപ്പില്‍ ഇതുവരെ 14 വിക്കറ്റുകളാണ് ഉമേഷ് യാദവിലെ വിദര്‍ഭക്കാരന്‍ പയ്യന് പോക്കറ്റിലാക്കിയത്.എന്താണതിന്റെ രഹസ്യം?.
അക്തര്‍ ഭായിയുടെ വാക്കുകള്‍ തന്റെ പന്തേറിനെ ഏറെ സ്വാധീനിച്ചെന്ന് ഷാമി പറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ഉമേഷും അതാവര്‍ത്തിക്കുന്നു. ഒരു കാലത്ത് ബാറ്റ്സ്മാന്മാരെ വിറകൊള്ളിച്ച പാക്കിസ്ഥാന് പേസ് ബാറ്ററി ഷൊയ്ബ് അക്തറിന്റെ ഉപദേശങ്ങള്‍ തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് താരം. ഉമേഷിന്റെ സഹോദരന് രമേഷാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
ബംഗ്ലാദേശുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ഉമേഷ് വിളിച്ചിരുന്നു. അക്തര്‍ ഉപകാരപ്രദമായ ചില നിര്‍ദേശങ്ങള്‍ കൊടുത്തതായി പറഞ്ഞു. അതേക്കുറിച്ച് കൂടുതലൊന്നും വിശദീകരിച്ചില്ല. മനശക്തികൂട്ടാന് സഹായകമായ വിദ്യകളാണ് അക്തര്‍ പകര്‍ന്നതെന്നും അവന് പറഞ്ഞു, രമേഷ് വ്യക്തമാക്കി.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് ഉമേഷ് യാദവ് ടെസ്റ്റില്‍ തിരിച്ചെത്തിയത്. എന്നാല്‍ അദ്ദേഹം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. എങ്കിലും ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു.
ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി കളിക്കവെ പാക്കിസ്ഥാന് ഇതിഹാസം വസീം അക്രം നടത്തിയ ഇടപെടലുകളും ഉമേഷിലെ അതിവേഗ ബൗളറുടെ മൂര്‍ച്ചയെ രാകിമിനുക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. ബൗളിങ് സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ ഉമേഷ് അക്രത്തിന്റെയടുക്കല് എപ്പോഴും ചെല്ലുമായിരുന്നെന്ന കാര്യം രമേഷ് ഓര്‍ക്കുന്നു. ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണും ഉമേഷിന്റെ പ്രതിഭയെ പരിപോഷിപ്പിച്ച ആചാര്യപ്രമുഖരുടെ നിരയിലുണ്ട്. 2010ല്‍ ഇന്ത്യന്‍ എ ടീമിനെ പരിശീലിപ്പിക്കുന്ന കാലം മുതല്‍ ഉമേഷിനൊപ്പം ഭരത് അരുണുണ്ട്.
കൂടുതല്‍ കൃത്യതയോടെയും മൂര്‍ച്ചയോടെയും ഉമേഷ് പന്തെറിയുന്നതില്‍ അതിശയക്കേണ്ടതില്ല. കാരണം താരത്തിന്റെ പോരായ്മകളെയും പരിമിതികളെയും നന്നായറിയുന്ന ഭരത്താണ് ഏറെക്കാലമായി കൂടെയുള്ളത്.
അതുപോരാഞ്ഞിട്ട് അക്രത്തെയും അക്തറിനെയും പോലുള്ള കറകളഞ്ഞ പേസര്‍മാരുടെ തുണയും ചേര്‍ന്നാല്‍ ആരും മിന്നിത്തിളങ്ങുമെന്നതില് തര്‍ക്കമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: