ആലപ്പുഴ: നെല്ലറയായ കുട്ടനാട് രാഷ്ട്രീയക്കാരുടെ കറവ പശുവായി മാറി. നിലം നികത്താന്‍ ഒത്താശ ചെയ്തു പല രാഷ്ട്രീയ നേതാക്കളും നേട്ടമുണ്ടാക്കുമ്പോള്‍ നികത്തുന്ന വയലുകളില്‍ കുത്തിയ കൊടികള്‍ നേരം ഇരുട്ടി വെളുക്കുമ്പോള്‍ കാണാത്ത അവസ്ഥയാണുള്ളത്. പാര്‍ട്ടികളുടെ കൊടിയെ പോലും നേതാക്കള്‍ പണം സമ്പാദനത്തിന് ഉപയോഗിക്കുന്നുവെന്നതാണ് കുട്ടനാടിന്റെ ദുരവസ്ഥ.
തണ്ണീര്‍ത്തട സംരക്ഷണത്തിനും നിലം നികത്തലിനുമെതിരെ പ്രസ്താവനകളും കൊടികുത്തല്‍ സമരവും നടത്തുന്ന സിപിഎമ്മിന്റെ പല പ്രാദേശിക നേതാക്കളും സ്വന്തമായി നിലം നികത്തിയും ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നു. കാവാലം കുന്നുമ്മയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം നിലം നികത്തി മകന് വീട് നിര്‍മ്മിച്ച് നല്‍കുക മാത്രമല്ല, നിലം നികത്തി പാടശേഖര സമിതിക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു. സിപിഎമ്മിന്റെ കുട്ടനാട്ടിലെ പല ഓഫീസുകളും നിര്‍മ്മിച്ചിരിക്കുന്നത് നിലം നികത്തിയാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനു പുറമെയാണ് സിപിഎം തായങ്കരി ബ്രാഞ്ച് സെക്രട്ടറി വര്‍ഗീസ് ആന്റണി നിയമവിരുദ്ധമായി 44 സെന്റ് നിലം നികത്തി ഇഷ്ടിക ഫാക്ടറി നിര്‍മ്മിച്ചത്. കഴിഞ്ഞദിവസം സബ് കളക്ടറുടെ നേതൃത്വത്തില്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയത് ഇവിടെയാണ്. വര്‍ഗീസ് ആന്റണിയുടെ നിലം നികത്തലിനെതിരെ ലോക്കല്‍ കമ്മറ്റി കോണ്‍ഫറന്‍സില്‍ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീടു പണിയാന്‍ അനുമതി വാങ്ങിയാണ് ഇയാള്‍ വ്യാപകമായി നിലം നികത്തിയത്. നിയമവിരുദ്ധമായി നിലം നികത്തിയിടത്ത് ഇഷ്ടിക ഫാക്ടറിക്ക് അനുവാദം നല്കിയ പഞ്ചായത്തിന്റെ നടപടിയും വിവാദമായിട്ടുണ്ട്.
നീലംപേരൂര്‍, നെടുമുടി, എടത്വ, തലവടി, തകഴി പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാണ്. ആരാധനാലയങ്ങളും ചില സംഘടനകളും വരെ നിലം നികത്തുന്നു. തകഴി വില്ലേജില്‍ പച്ച ആശുപത്രിക്ക് സമീപം ഏക്കറുകണക്കിന് നിലമാണ് നികത്തുന്നത്. തകഴി കേളമംഗലത്ത് നിലം നികത്തല്‍ വ്യാപകമാണ്.
ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് നേരിട്ട് ഇടപെട്ട് നിലം നികത്തലുകാര്‍ക്ക് പണം വാങ്ങി ഒത്താശ ചെയ്യുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നെടുമുടിയിലും നീലംപേരൂരിലും നിലം നികത്തല്‍ നടക്കുന്നത് ഭരണമുന്നണി നേതാക്കളുടെ ഒത്താശയോടെയാണ്. കോണ്‍ഗ്രസുമായി കേരളാ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്.
വീട് നിര്‍മ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് കുട്ടനാട്ടില്‍ വ്യാപകമായി നിലം നികത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യാതെ അനധികൃതമായി ഒരു സെന്റ് ഭൂമി പോലും നികത്താന്‍ കഴിയില്ല. അനധികൃതമായി നിലം നികത്തിയ നടപടിക്ക് സാധുത നേടി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈനകരി സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് പണപ്പിരിവ് നടത്തിയത് നേരത്തെ വിവാദമായിരുന്നു.
കുട്ടനാട്ടില്‍ ദിനംപ്രതി നെല്‍വയലുകള്‍ കുറയുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പെന്നതും ശ്രദ്ധേയമാണ്. രാഷ്ടീയ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിലം നികത്തുന്നത് സംഘടിത മതവിഭാഗത്തിന്റെ ആരാധനാലയങ്ങളുടെ മറവിലാണ്. എ-സി കനാലിന്റെ നവീകരണം പോലും അട്ടിമറിക്കുന്നത് ഈ ശക്തികളാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: