പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷ സ്വീകരണം പ്രഹസനമാകുന്നു. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്ന നിര്‍ദേശം സാധാരണക്കാരെ പരിഹസിക്കുന്നതാണ്.
ജില്ലയില്‍ മേയ് 25 നു നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഇന്നലെ മുതല്‍ ഏപ്രില്‍ 10 വരെ നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫേകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ നല്‍കണം. അപേക്ഷ നല്കുമ്പോള് ലഭിക്കുന്ന രസീത് സൂക്ഷിച്ചുവെക്കണമെന്നും ഈ രസീതുമായി വേണം ജനസമ്പര്ക്കപരിപാടിയിലെത്താന് എന്നുമാണ് നിബന്ധന.
ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കിയതോടെ പരാതി സമര്‍പ്പിക്കണമെങ്കില്‍ സാധാരണക്കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ കാത്തുനില്ക്കേണ്ടിവരുമെന്ന ഗതികേടിലാണ്.
2013 നവംബറില്‍ ജില്ലയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 213 വിഭാഗങ്ങളിലായി 35,600 പരാതികള്‍ ലഭിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടിയുടെ അന്നു മാത്രം 17,112 പരാതികളാണ് സ്വീകരിച്ചത്. മുന്‍കൂട്ടി ലഭിച്ചത് 18,480 പരാതികളായിരുന്നു. മുന്‍കൂട്ടി ലഭിക്കുന്ന സാധ്യമായ പരാതികളാണ് തീര്‍പ്പുകല്‍പ്പിക്കുക.
കലക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ സാധാരണക്കാര്‍ക്ക് എളുപ്പമാകും. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കാന് ദിവസങ്ങള്‍ കാത്തു നില്‍ക്കേണ്ട ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: