ആലപ്പുഴ: ജില്ലയിലെ അനധികൃത നെല്‍വയല്‍-തണ്ണീര്‍ത്തടം നികത്തല്‍, നദികളില്‍ നിന്നും കായലില്‍ നിന്നുമുള്ള മണല്‍വാരല്‍ എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും കേരളാ ഭൂവിനിയോഗ ഉത്തരവും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ് കളക്ടര്‍ ഡി. ബാലമുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ഭൂമാഫിയകള്‍ക്കെതിരെ നടപടിയെടുക്കും. പരിശോധനകളും റെയ്ഡുകളും ശക്തമാക്കും. നദികളില്‍നിന്നും കായലുകളില്‍ നിന്നും അനധികൃതമായി മണല്‍ വാരിക്കടത്തുന്ന വള്ളങ്ങള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു കണ്ടുകെട്ടും.
കുട്ടനാടന്‍ പാടശേഖരങ്ങളിലെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തണ്ണീര്‍മുക്കം ബണ്ടിന് ഭീഷണിയാകുന്ന വിധത്തില്‍ മണല്‍ ഖനനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ക്വാഡ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല സബ് കളക്ടര്‍ക്കാണ്. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ആര്. ചിത്രാധരന്‍, പി.എ. രാജേശ്വരി എന്നിവര്‍ യഥാക്രമം ആലപ്പുഴ, ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്ക്വാഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ആലപ്പുഴ, ചെങ്ങന്നൂര്‍ ആര്‍ഡിഒ മാര്‍ക്കും ജില്ലയിലെ തഹസില്‍ദാര്‍മാര്‍ക്കും പോലീസ്-ജിയോളജി-കൃഷി വകുപ്പുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: