കുറവിലങ്ങാട്: കടുത്തുരുത്തി – വൈക്കം നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന വെള്ളൂര്‍ – വെളിയന്നൂര്‍ പദ്ധതിയുടെ മറവില്‍ കരാറുകാരും ഉദ്യോഗസ്ഥരും വന്‍ അഴിമതി നടത്തുന്നതായി പരാതി ഉയര്‍ന്നു. ജലസേചന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ഉപഭോക്താക്കളെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറ്റി ബുദ്ധിമുട്ടിക്കുന്നു എന്നുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ഉപഭോക്താക്കളെ പിഴിയുന്നതു സംബന്ധിച്ച് പഞ്ചായത്തു തലത്തില്‍ വിളിച്ചുകൂട്ടിയ അവലോകന യോഗത്തില്‍ നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കുടിവെള്ള പദ്ധതിയുടെ അപേക്ഷകരെ എ.പി.എല്‍. ബിപി.എല്‍ വിഭാഗങ്ങളായി തിരിച്ച് അവര്‍ നല്‍കേണ്ട നിശ്ചിത തുക ജലസേചന വകുപ്പ് രേഖാമൂലം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ അറിയിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നുള്ളതാണ് വസ്തുത. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാല്‍ കൂടുതലാണ് കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ ബന്ധപ്പെട്ട ജലസേചന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്കിയിട്ടുപോലും അമിത തുക ഈടാക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്ന് കടുത്തുരുത്തി ഡിവിഷനിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കരാറുകാര്‍ അമിത തുക ഈടാക്കുന്നതിന്റെ വിഹിതം ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും വീതം വയ്ക്കുന്നു എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് വാങ്ങിക്കേണ്ട അനുമതികള്‍ ഉപഭോക്താക്കളെ വിട്ട് ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നുള്ള പരാതി ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ ഓഫീസ് വിശദമായ അന്വേഷണത്തിന് ജലസേചനവകുപ്പിന്റെ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വേനല്‍കനക്കും തോറും കുടിവെള്ളത്തിന്റെ പേരില്‍ ഉപഭോക്താക്കളെ പിഴിയുന്ന കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെശക്തമായ നടപടി എടുക്കണമെന്ന് ജനകീയ വേദി സര്‍ക്കാരിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: