കൊച്ചി: യശോറാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജൈവമാലിന്യ നിര്‍മാര്‍ജന, സംസ്ക്കരണ കാര്‍ഷിക പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി നഗരസഭയില്‍ നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി ട്രസ്റ്റ് സ്ഥാപകന്‍ എ.ആര്.എസ്. വാദ്ധ്യാര് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതി എറണാകുളത്തെ നാല് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും നടപ്പാക്കാവുന്നതാണെന്ന് ഹൈക്കോടതി കഴിഞ്ഞ നവംബറില്‍ എ.ആര്.എസ്. വാദ്ധ്യാര് നല്കിയ റിട്ട് പരാതിയില്‍ വിധി പ്രസ്താവിച്ചിരുന്നു.
ഇതിനുള്ള ഉത്തരവ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനായിരുന്നു കോടതി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം. ജനവരി 8ന് സെക്രട്ടറി കൂടിക്കാഴ്ചയും നടത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ റസിഡന്റ്സ് അസോസിയേഷനുകളിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കൃഷി വകുപ്പ്, ശുചിത്വ മിഷന് എന്നിവയുടെ സഹായത്തോടെ പദ്ധതി നടത്തണം. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും റസിഡന്റ്സ് അസോസിയേഷന് നേതാക്കള്‍ക്കും ആദ്യഘട്ട പരിശീലനം നല്‍കാനും നിര്‍ദ്ദേശമുണ്ട്.
6 പഞ്ചായത്തുകളിലെ 50,000 വീടുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്ന് എ.ആര്.എസ്. വാദ്ധ്യാര് പറഞ്ഞു. കോര്‍പ്പറേഷന്റെ പ്ലാനിംഗ് ഫണ്ട് പദ്ധതിക്കായി വകയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്ക്കരണത്തിന് വ്യക്തമായ പദ്ധതിയില്ലാത്ത സംസ്ഥാന സര്‍ക്കാരിന് ഒരു മോഡല്‍ പദ്ധതിയായി ഇതിനെ തെരഞ്ഞെടുക്കാമെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് ലാഭം നേടിതരുന്നില്ലെന്നതിനാല് ഈ പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. വേസ്റ്റാണ് ധനം എന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിന് യോജിച്ച വിധത്തില്‍ സംവിധാനം ചെയ്തിട്ടുള്ള പദ്ധതി കോര്‍പ്പറേഷനില്‍ നടപ്പിലാക്കുകയാണെങ്കില്‍ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ചോദ്യത്തിന് ഉത്തരമായി എ.ആര്.എസ്. വാദ്ധ്യാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: