ചേര്‍ത്തല: ഡിഎംഒയും ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരും രണ്ട് തട്ടില്‍, ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെടാന്‍ സാദ്ധ്യത. ദേശീയ അംഗീകാരം പുതുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം നാഷണല്‍ അക്രഡിറ്റേഷന് ഫോര്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിക്കുവാനിരിക്കെയാണ് ഒരു വിഭാഗം ജീവനക്കാര്‍ അംഗീകാരം ആവശ്യമില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയത്.
മൂന്ന് വര്‍ഷം മുന്‍പാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്. 2012 സപ്തംബര്‍ 27ന് ലഭിച്ച അക്രഡിറ്റേഷന്റെ കാലാവധി അവസാനിക്കുന്നത് ഈ വര്‍ഷം സപ്തംബര്‍ 26 നാണ്. അംഗീകാരം ലഭിക്കുമ്പോഴുണ്ടായിരുന്ന യാതൊരു സൗകര്യങ്ങളും ഇപ്പോള്‍ ആശുപത്രിയിലില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ദിവസവും ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ ഒപി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിട്ട് മാസങ്ങളായി. അഴിമതിയും കൈക്കൂലിയുമെല്ലാം പാവപ്പെട്ട രോഗികളെ വലച്ചപ്പോള്‍ അംഗീകാരം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷങ്ങള്‍ മുടക്കി ഉദ്ഘാടന മാമാങ്കം നടത്തിയ ട്രോമാക്കെയര്‍ ഇപ്പോള്‍ അത്യാഹിത വിഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
പനിക്ക് ചികിത്സ തേടിയെത്തുന്നവരെ പോലും വണ്ടാനം, കോട്ടയം മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നത് ഇവിടെ പതിവാണ്. ദേശീയ അംഗീകാരമുള്ള ആശുപത്രിയുടെ യാതൊരു ഗുണവും രോഗികള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്. അംഗീകാരം പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറിപോകാം എന്ന കര്‍ശന നിലപാടില്‍ ഡിഎംഒ ഉറച്ചു നിന്നു. അംഗീകാരം പുതുക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്കി. ഇതിനായുള്ള ചെലവ് എന്‍എച്ച്ആര്‍എം ഫണ്ടില്‍ ഇതിനുള്ള തുക കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: