ചേര്‍ത്തല: തഹസില്‍ദാരുടെ അനുകൂല വിധിയുണ്ടായിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല, നാട്ടുകാര്‍ കളക്ടര്‍ക്ക് കൂട്ട പരാതി നല്കി. നഗരസഭ 19-ാം വാര്‍ഡ് പതിനൊന്നാം മൈല്‍ അരീപ്പറമ്പ് റോഡില്‍ പൊതുതോടിന്റെ ഭാഗമായി റോഡിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് സമീപവാസി ഗ്രാവല്‍ ഇട്ടുമൂടിയതോടെയാണ് ഒരു പ്രദേശം മുഴുവന്‍ വെള്ളത്തിലായത്. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ സമീപവാസികള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ഒറ്റ മഴ പെയ്താല്‍ പിന്നെ സമീപ പ്രദേശത്തെ വീടുകള്‍ മുഴുവന്‍ വെള്ളത്തിലാകും. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഈ പ്രദേശങ്ങളില്‍ വെള്ളം കയറി കാര്‍ഷിക വിളകള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു. ഇതിനെതിരെ നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്കും, തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നു. സ്ഥലത്തെത്തി അന്വേഷണം നടത്തിയ വില്ലേജോഫീസര്‍ക്ക് പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 20ന് പരാതിക്കാരെയും തോട് നികത്തിയെന്ന് ആരോപിതനായ വ്യക്തിയെയും താലൂക്കോഫീസില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചയ്ക്ക് ശേഷം അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ച് തഹസില്‍ദാര്‍ ഉത്തരവും ഇറക്കി. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഉത്തരവിന്റെ പകര്‍പ്പ് മുനിസിപ്പല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. പരാതി പരിഗണിച്ച കളക്ടര്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്കി.
ഇതിനിടെ ഉത്തരവ് മറികടന്ന് പൈപ്പ് അടച്ച ഭാഗത്ത് അതേ വ്യക്തി തന്നെ വീണ്ടും ഗ്രാവല്‍ നിക്ഷേപിച്ചതായി നാട്ടുകാര്‍ പറയുന്നു. മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സമീപവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: