ഓക്ലന്‍ഡ്: രണ്ടുതവണ മഴ തടസ്സപ്പെടുത്തിയ കളിയില്‍ പാക്ക് ബൗളര്‍മാരുടെ മാരക ഏറിന് മുന്നില്‍ മുട്ടുകുത്തിയ പേരുകേട്ട ദക്ഷിണാഫ്രിക്കക്ക് ദയനീയ പരാജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമം വിധിയെഴുതിയ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയവും ദക്ഷിണാഫ്രിക്കയുടെ തുടരെയുള്ള രണ്ടാം തോല്‍വിയുമാണിത്. ജയത്തോടെ പാക്കിസ്ഥാന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.
മഴ രണ്ടുതവണ വില്ലത്തരം കാട്ടിയ മത്സരത്തില്‍ പിന്നീട് 47 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 46.4 ഓവറില്‍ 222 റണ്‍സിന് ഓള് ഔട്ടായി. ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും 49 റണ്‍സെടുത്ത ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും 37 റണ്‍സെടുത്ത യൂനിസ് ഖാന്റെയും പ്രകടനമാണ് പാക്കിസ്ഥാന് സ്കോര്‍ 222-ല്‍ എത്തിച്ചത്. എന്നാല്‍ മഴനിയമം അനുസരിച്ച് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 232 റണ്ണായി പുനര്‍നിര്‍ണയിച്ചു. 58 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ നായകന് ഡിവില്ലിയേഴ്സ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 33.3 ഒാവറില്‍ 202 റണ്‍സിന് അവസാനിച്ചു. ഒമ്പതാമനായി ഡി വില്ലിയേഴ്സ് പുറത്താകുമ്പോള്‍ 32 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍, തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ ഇമ്രാന് താഹിറിനെ കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കൈയിലെത്തിച്ച് വഹാബ് റിയാസ് വിജയം ഉറപ്പിച്ചു. 49 റണ്‍സെടുക്കുകയും വിക്കറ്റിന് പിന്നില്‍ ആറ് പേരെ പിടികൂടുകയും ചെയ്ത സര്‍ഫ്രാസ് അഹമ്മദാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ വരിഞ്ഞുമുറുക്കുന്നതാണ് തുടക്കത്തില്‍ തന്നെ കണ്ടത്. സ്കോര്‍ 30-ല്‍ നില്‍ക്കേ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ അബോട്ടിന്റെ പന്തില്‍ അത്ഭുതകരമായൊരു ക്യാച്ചില്‍ സ്റ്റെയിന് കയ്യിലൊതുക്കി.
അബോട്ട് എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്ത് മിഡ്വിക്കറ്റിലൂടെ പറത്താന്‍ ശ്രമിച്ച ഷെഹ്സാദിനെ തീര്‍ത്തും അവിശ്വസനീയമായ രീതിയില്‍ പറന്നാണ് സ്റ്റൈയിന്‍ പിടികൂടിയത്. പോങ്ങിവരുന്ന പന്ത് പിടിക്കാനായി ലോംഗ്ഓണിലേയ്ക്ക് ഓടിച്ചെല്ലുകയായിരുന്നു സ്റ്റെയ്ന് തന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് പിന്നോട്ടാണ് വീഴുന്നതെന്ന് തിരിച്ചറിഞ്ഞ സ്റ്റെയിന് അക്ഷരാര്‍ഥത്തില്‍ തന്നെ പിന്നോട്ട് പറന്ന് നിലംതൊടാനിരുന്ന പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കൈപ്പിടിയിലാക്കി. കൈ കുത്തി നിലത്ത് വീഴുമ്പോഴും പന്തിലെ പിടിവിട്ടതുമില്ല സ്റ്റെയ്ന്. പിന്നീട് രണ്ടാം വിക്കറ്റില്‍ സര്‍ഫ്രാനസ് അഹമ്മദും യൂനിസ് ഖാനും ചേര്‍ന്ന് സ്കോര്‍ 92 റണ്‍സിലെത്തിച്ചു. എന്നാല്‍ 49 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത സര്‍ഫ്രാസ് റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ 37 റണ്‍സെടുത്ത യൂനിസ് ഖാനെ ഡിവില്ലിയേഴ്സ് റൊസ്സൗവിന്റെ കൈകളിലെത്തിച്ചു.
തുടര്‍ന്നെത്തിയ സൊഹൈല്‍ മഖ്സൂദ് (8), ഉമര്‍ അക്മല്‍ (13) എന്നിവര്‍ പുറത്തായതോടെ പാക് സ്കോര്‍ 5ന് 175 എന്ന നിലയിലായി. പിന്നീട് അഫ്രീദിയും മിസ്ബയും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 212-ല്‍ നില്‍ക്കേ 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത അഫ്രീദിയെ സ്റ്റെയിന് ഡുമ്നിയുടെ കൈകളിലെത്തിച്ചുതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഇതേ സ്കോറില്‍ തന്നെ ഏഴാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. ഇതിനിടയിലും ഒറ്റക്ക് പൊരുതിയ മിസ്ബയാണ് പാക്കിസ്ഥാന് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത മിസ്ബ മടങ്ങിയശേഷം നാല് റണ്‍സ് കൂടി മാത്രമാണ് പാക് നിരക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിന് മൂന്നും അബോട്ടും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 232 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ ഡി കോക്ക് (0) സര്‍ഫ്രാസ് അഹമ്മദിന് ക്യാച്ച് നല്കി മടങ്ങി. രണ്ടാം വിക്കറ്റില്‍ ഹാഷിം ആംലക്കൊപ്പം (38) ഡുപ്ലെസിസ് ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് ജീവന് വച്ചു. എന്നാല്‍ സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ 27 റണ്‍സെടുത്ത ഡുപ്ലെസിസിനെ റാഹത്ത് അലിയുടെ പന്തില്‍ സര്‍ഫ്രാസ് പിടികൂടി. ഇതേ സ്കോറില്‍ ആംലയും മടങ്ങി. 27 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ആംലയെ വഹാബ് റിയാസിന്റെ ബൗളിംഗില്‍ സര്‍ഫ്രാസ് അഹമ്മദ് പിടികൂടുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. തുടര്‍ന്ന് റൊസ്സോവ് (6) മില്ലര്‍ (0) എന്നിവര്‍ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക അഞ്ചിന് 77 എന്ന നിലയിലായി. ഈ ദയനീയ സ്ഥിതിയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ഒറ്റയാനായി നിന്ന ഡിവില്ലിയേഴ്സ് മാത്രമാണ് പിന്നീട് പൊരുതിയത്. 58 പന്തില്‍ നിന്ന് 7 ഫോറും അഞ്ച് സിക്സറുകളുമടക്കം 77 റണ്‍സെടുത്ത ഡിവില്ലിയേഴ്സിന് മറ്റുള്ളവരില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചതുമില്ല. ഡുമ്നി (12), സ്റ്റെയിന് (16), അബോട്ട് (12), താഹിര്‍ (0) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതോടെ ദക്ഷിണാഫ്രിക്കന്‍ പതനം പൂര്‍ത്തിയാവുകയും ചെയ്തു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഇര്ഫാന്, റാഹത്ത് അലി, വഹാബ് റിയാസ് എന്നിവര്‍ മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്
പാക്കിസ്ഥാന്
സര്‍ഫ്രാസ് അഹമ്മദ് റണ്ണൗട്ട് (മില്ലര്‍/ഡി കോക്ക്) 49, അഹമ്മദ് ഷഹ്സാദ് സി സ്റ്റെയിന് ബി അബോട്ട് 18, യൂനിസ് ഖാന് സി റൊസ്സൗവ് 37, മിസ്ബ ഉള് ഹഖ് സി മോര്‍ക്കല്‍ ബി സ്റ്റെയിന് 56, മഖ്സൂദ് സി റൊസ്സൗവ് ബി അബോട്ട് 8, ഉമര്‍ അക്മല്‍ സി ഡിവില്ലിയേഴ്സ് ബി മോര്‍ക്കല്‍ 13, ഷാഹിദ് അഫ്രിദി സി ഡുമ്നി ബി സ്റ്റെയിന് 22, വഹാബ് റിയാസ് എല്‍ബിഡബ്ല്യു ബി ഇമ്രാന് താഹിര്‍ 0, സൊഹൈല്‍ ഖാന് സി ഡുമ്നി ബി മോര്‍ക്കല്‍ 3, രാഹത് അലി സി ഇമ്രാന് താഹിര്‍ ബി സ്റ്റെയിന് 1, മുഹമ്മദ് ഇര്ഫാന് നോട്ടൗട്ട് 1, എക്സ്ട്രാസ് 14, ആകെ 46.4 ഓവറില്‍ 222ന് ഓള് ഔട്ട്.
വിക്കറ്റ് വീഴ്ച: 1-30, 2-92, 3-132, 4-156, 5-175, 6-212, 7-212, 8-218, 9-221, 10-222.
ബൗളിംഗ്: സ്റ്റെയിന് 10-3-30-3, അബോട്ട് 9-0-45-2, മോര്‍ക്കല്‍ 9.4 0-25-2, ഇമ്രാന് താഹിര്‍ 9-1-38-1, എ.ബി. ഡിവില്ലിയേഴ്സ് 6-0-43-1, ജെ.പി. ഡുമ്നി 3-0-34-0.
ദക്ഷിണാഫ്രിക്ക
ഡി കോക്ക് സി സര്‍ഫ്രാസ് അഹമ്മദ് ബി മുഹമ്മദ് ഇര്ഫാന് 0, ഹാഷിം ആംല സി സര്‍ഫ്രാസ് ബി വഹാബ് റിയാസ് 38, ഡു പ്ലെസിസ് സി സര്‍ഫ്രാസ് ബി റാഹത്ത് അലി 27, റൊസ്സോവ് സി സൊഹൈല്‍ ഖാന് ബി വഹാബ് റിയാസ് 6, എ.ബി. ഡിവില്ലിയേഴ്സ് സി സര്‍ഫ്രാസ് ബി സൊഹൈല്‍ ഖാന് 77, മില്ലര്‍ എല്‍ബിഡബ്ല്യു ബി റാഹത്ത് അലി 0, ജെ.പി. ഡുമ്നി സി വഹാബ് റിയാസ് ബി മുഹമ്മദ് ഇര്ഫാന് 12, സ്റ്റെയിന് സി സര്‍ഫ്രാസ് അഹമ്മദ് ബി മുഹമ്മദ് ഇര്ഫാന് 16, അബോട്ട് സി യൂനിസ് ഖാന് ബി റാഹത്ത് അലി 12, മോര്‍ക്കല്‍ നോട്ടൗട്ട് 6, ഇമ്രാന് താഹിര്‍ സി സര്‍ഫ്രാസ് ബി വഹാബ് റിയാസ് 0, എക്സ്ട്രാസ് 8, ആകെ 33.3 ഓവറില്‍ 202.
വിക്കറ്റ് വീഴ്ച: 1-0, 2-67, 3-67, 4-74, 5-77, 6-102, 7-138, 8-172, 9-200, 10-202.
ബൗളിംഗ്: മുഹമ്മദ് ഇര്ഫാന് 8-0-52-3, സൊഹൈല്‍ ഖാന് 5-0-36-1, റാഹത്ത് അലി 8-1-40-3, ഷാഹിദ് അഫ്രീദി 5-0-28-0, വഹാബ് റിയാസ് 7.3-2-45-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: