അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് എട്ടിന് കൊടിയേറും. 16ന് നാടകശാല സദ്യ, 17ന് ആറാട്ട് എന്നിവയോടെ ഉത്സവം കൊടിയിറങ്ങും.
എട്ടിന് രാവിലെ പതിനൊന്നിനും 11.50നും മദ്ധ്യേ തന്ത്രിമാരായ കടിയക്കല്‍ കൃഷ്ണന് നമ്പൂതിരിയുടെയും പുതുമന ശ്രീധരന് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലരയ്ക്ക് കൊടിക്കയര്‍ ഘോഷയാത്ര നടക്കും. കരൂര്‍ അഴിക്കകത്ത് കുടുംബത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കൊടിക്കയര്‍ എത്തിക്കുക.
രണ്ടാം ഉത്സവം മുതല്‍ ഒമ്പതാം ഉത്സവംവരെ വേലകളിയുണ്ട്. മൂന്നുമുതല്‍ എട്ടുവരെ ഉത്സവദിനങ്ങളില്‍ കഥകളിയും. രണ്ടാം ഉത്സവംമുതല്‍ പത്താം ഉത്സവംവരെ ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വിതരണം രാവിലെ എട്ടിനായിരിക്കും. ഈ ദിവസങ്ങളില്‍ മുന്‍കൂട്ടി ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. വിതരണ സമയത്ത് പാല്‍പ്പായസ കൗണ്ടറില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ ലഭിക്കും.
ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിച്ച ചുവര് ചിത്രങ്ങളുടെ സമര്‍പ്പണം മാര്‍ച്ച് എട്ടിന് രാവിലെ ഒമ്പതരയ്ക്ക് നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് സമര്‍പ്പണം നിര്‍വഹിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. നടന് കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: