കുമരകം: കുമരകത്തെ തണ്ണീര്‍ത്തടങ്ങള്‍ മാലിന്യകൂമ്പാരംകൊണ്ട് നിറയുന്നതായി ആക്ഷേപം. തണ്ണീര്‍ത്തടങ്ങളില്‍ തള്ളുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധം ജനങ്ങള്‍ക്ക് അസഹ്യമാകുന്നു. ഉന്നതരുടെ ഒത്താശയോടെയാണ് മാലിന്യങ്ങള്‍ തണ്ണീര്‍ത്തടങ്ങളില്‍ നക്കുന്നത്. മാലിന്യങ്ങള്‍ കുമരകത്തെത്തിച്ച് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിന് പിന്നില്‍ മാഫിയ സംഘങ്ങളും സജീവമാണ്. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയും പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ല.
കുമരകം ഇലക്ട്രിസിറ്റി ഓഫീസിനു തൊട്ടടുത്തുള്ള തണ്ണീര്‍ത്തടത്തിലാണ് ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നത്. ദുര്‍ഗന്ധംകൊണ്ട് ഓഫീസില്‍ ഇരിക്കാന്‍ കഴിയുന്നില്ലെന്നും ബോര്‍ഡ് ജീവനക്കാര്‍ ഉപയോഗിക്കുന്ന കിണറ്റിലും മാലിന്യത്തിന്റെ അംശം വ്യാപിച്ചതായും ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യം നിറക്കുന്ന തണ്ണീര്ത്തടത്തിനടുത്തായി കുട്ടികള്‍ക്കായുള്ള ബേബികെയറും സ്ഥിതിചെയ്യുന്നു. പഞ്ചായത്ത് തോട് നികത്തിയാണ് സ്വകാര്യ വ്യക്തി മാലിന്യംകൊണ്ട് തണ്ണീര്‍തടം നികത്തല്‍ തുടരുന്നത്. മാലിന്യം കൊണ്ടുവരുന്ന ലോറിയുടെ ഭാരത്താല്‍ തോടിന്റെ സംരക്ഷണ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സമീപവാസികളായ ജനങ്ങള്‍ ഇതിനെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. അധികൃതര്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ കുമരകത്തെ തണ്ണീര്‍തടങ്ങള്‍ ഇല്ലാതാകുകയും കുമരകം മാലിന്യംകൊണ്ട് നിറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: