ആലപ്പുഴ: ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നതില് പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയ സമരം പരിഹാസ്യമായി. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരളാ കോണ്‍ഗ്രസ് ഒടുവില്‍ സ്വന്തം മന്ത്രിക്കെതിരെ പോലും സമരത്തിനെത്തിയത് രാഷ്ട്രീയ തട്ടിപ്പാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
കുട്ടനാട്ടിലെ അടക്കം നെല്‍ കര്‍ഷകരെ തീര്‍ത്തും അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. കേരള കോണ്‍ഗ്രസ് ഭരണം നടത്തുന്ന ധനവകുപ്പിന്റെ വീഴ്ചയാണ് ഇതില്‍ പ്രധാനം. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നെല്‍കൃഷിക്ക് ആവശ്യമായ പമ്പിങ്ങിന്റെ ചെലവ് മുഴുവനായി സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷം നാലായിട്ടും ഇത് പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങി.
വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ കണ്ണില്‍ മണ്ണിടാനായി കേരളാ കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്. റവന്യു-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നമെന്നും ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് സമരം ചെയ്ത നേതാക്കളുടെ ആവശ്യം. എന്നാല്‍ പണമില്ലാതെ ബജറ്റ് പ്രഖ്യാപനം നടത്തിയതാണ് യഥാര്‍ത്ഥ പ്രശ്നമെന്നാണ് കൃഷിവകുപ്പ് പറയുന്നത്.
പുഞ്ച കൃഷിയില്‍ സംഭരിക്കുന്ന നെല്ലിന്റെ വില പോലും പൂര്‍ണമായും കൊടുക്കാനാകാത്തതും ധനവകുപ്പിന്റെ വീഴ്ചയാണ്. നിലവില്‍ കേന്ദ്രവിഹിതം മാത്രമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എന്ന് നല്‍കുമെന്ന് യാതൊരു വ്യക്തതയുമില്ല. കഴിഞ്ഞ പുഞ്ചകൃഷിയില്‍ സംഭരിച്ച നെല്ലിന്റെ തുകയില്‍ 150 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത്തരത്തില്‍ ഭരണം നടത്തി കര്‍ഷകരെ ദ്രോഹിക്കുകയും മറുഭാഗത്ത് സമരത്തട്ടിപ്പ് നടത്തി കബളിപ്പിക്കുകയുമാണ് കേരളാ കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: