ആലപ്പുഴ: ജില്ലയിലെ കുട്ടനാട് പ്രദേശത്തെ പാടശേഖര സമിതിയംഗങ്ങളുടെയും താറാവ് കര്‍ഷകരുടെയും യോഗം ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. നെല്‍കൃഷിക്ക് ശേഷം പാടശേഖരങ്ങളില്‍ താറാവിനെ ഇറക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ യോജിപ്പോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്ന സാഹചര്യത്തിലായിരുന്നു യോഗം.
ആയിരക്കണക്കിന് താറാവുകളെ ഒരേസമയം പാടത്തേക്ക് ഇറക്കി വിടുന്നത് നെല്‍ കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് നെല്‍ കര്‍ഷകര്‍ പറഞ്ഞു. കണക്കില്‍ കവിഞ്ഞ താറാക്കൂട്ടങ്ങള്‍ വരമ്പ് കൊത്തി നശിപ്പിക്കുന്നതായും, അവയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ സമീപത്തെ പാടശേഖരങ്ങളിലെ വിളവ് നശിപ്പിക്കുകയും ചെയ്യുന്നതായി പാടശേഖര സമിതിയംഗങ്ങള്‍ പറഞ്ഞു. പാടത്ത് ചത്തുവീഴുന്ന താറാവുകളെ എടുത്ത് മാറ്റാന്‍ കര്‍ഷകര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നെല്‍കൃഷിക്ക് ശേഷം 20 ദിവസത്തേക്കെങ്കിലും താറാവുകളെ പാടത്തിറക്കാന്‍ അനുവദിക്കണമെന്ന് താറാവുകര്‍ഷകര്‍ ആവശ്യപ്പെട്ടു.
താറാവ് കൃഷി നല്ല രീതിയില്‍ നടത്താനുളള ബോധവല്‍ക്കരണ ക്ലാസുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. അതനുസരിച്ച് വേണ്ട മാറ്റം വരുത്താന്‍ കര്‍ഷകര്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. താറാവുകര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും കര്‍ഷകര്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കുട്ടനാട് പ്രദേശത്തെ പാടശേഖര സമിതി ഭാരവാഹികള്‍, താറാവ് കര്‍ഷകര്‍, കൃഷി, മൃഗ, സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: