കൊച്ചി: ഭക്തിയുടെ നിറവില്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകംതൊഴാന്‍ പതിനായിരങ്ങളെത്തി. രാവിലെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടിനുശേഷം വടക്കേപൂരപ്പറമ്പില്നിന്ന് ദേവി ശാസ്താസമേതനായി ക്ഷേത്രത്തില്‍ തിരിച്ചെത്തി. ഇറക്കിപൂജയ്ക്കുശേഷം നിത്യചടങ്ങുകളും ശ്രീഭൂതബലിയും നടന്നു. ശ്രീഭൂതബലിക്ക് തന്ത്രി ഇളമല്ലി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട് നേതൃത്വംനല്കി.
തുടര്‍ന്ന് ഒരുമണിക്ക് അലങ്കാരത്തിനായി നടയടച്ചു. അലങ്കാരത്തിനുശേഷം മേല്‍ശാന്തി ഇ.പി. ദാമോദരന്നമ്പൂതിരിപ്പാട് മകംദര്ശനത്തിനായി ഉച്ചയ്ക്ക് 2 മണിക്ക് ശ്രീകോവില്‍ നടതുറന്നു. ഈസമയം ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍നിന്നും ഉയര്‍ന്ന അമ്മേനാരായണ ദേവീനാരായണ മന്ത്രധ്വനികളാല് അന്തരീക്ഷം ഭക്തിസാന്ദ്രമായി. ആയുധമാല, രുദ്രാക്ഷമാല, സഹസ്രനാമമാല, അഞ്ചുതാലി, അരപ്പട്ട, രത്നങ്ങള്‍കൊണ്ട് പൊതിഞ്ഞ സ്വര്‍ണ്ണകിരീടം എന്നിവയും അഭയവരദമുദ്രകളോടുകൂടിയ തങ്കഗോളകയും ചാര്‍ത്തി തെച്ചി, തുളസി, താമരമാലകളും, വിശാഷാല് അലങ്കാരങ്ങളോടും നെയ്വിളക്ക് പ്രകാശംചൊരിഞ്ഞ് നില്‍ക്കവേയാണ് മകംദര്ശനത്തിനായി ശ്രീകോവില്‍ നടതുറന്നത്. രാത്രി 9 മണിവരെ മകംദര്‍ശനം തുടര്‍ന്നു.
മകംതൊഴാന്‍ ഭക്തര്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ചോറ്റാനിക്കര ഹയര്‍സെക്കന്ററി സ്കൂളിന് സമീപം പ്രത്യേകം ബാരിക്കേഡുകള്തീര്ത്ത് സ്ത്രീകള്‍ക്കായി ക്യൂ സംവിധാനം ഒരുക്കിയിരുന്നു. പുരുഷന്മാര്ക്കായി വടക്കേപൂരപറമ്പില്നിന്ന് ക്യൂ ഏര്‍പ്പെടുത്തി. പൊരിവെയിലത്തും ദര്‍ശനത്തിനായി കാത്തുനിന്ന ആയിരങ്ങള്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നല്കി.
എഡിജിപി ചന്ദ്രശേഖരന്, ഐജി അജിത്കുമാര്‍, എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി എന്‍.എം. പ്രസാദ് തുടങ്ങിയവര്‍ സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
തൃശ്ശൂര്‍ പോലീസ് ട്രെയിനിങ് ക്യാമ്പില്‍നിന്നും നൂറ് വനിതാപോലീസുകാരുടെ സേവനവും ഇത്തവണ ഉണ്ടായിരുന്നു. കൂടാതെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സേവനനിരതരായി ഉണ്ടായിരുന്നു. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്ക്കരന്‍നായര്‍, മെമ്പര്‍മാരായ ഇ.എ. രാജന്, കെ.ഡി. ബാഹുലേയന്, ദേവസ്വം സെക്രട്ടറി രാജലക്ഷ്മി, ഡെപ്യൂട്ടി കമ്മീഷണര്‍ ജയന് ഹരിദാസ്, ഷീജ, എം.എസ്. സജേഷ്, രമാദേവി, വി. രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: