തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാഫിയാസംഘമായി അധഃപതിക്കരുതെന്നും ഗവണ്മെന്റ് കോണ്ട്രാക്ടര്മാരുടെ കാര്യത്തില്‍ ബ്ലെയ്ഡ് മാഫിയയെക്കാള്‍ ക്രൂരമായി പെരുമാറരുതെന്നും ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 3000 കോടി കവിഞ്ഞിരിക്കുന്നു. കുടിശ്ശികയില്ലെന്നു പ്രസ്താവനയിറക്കിയിരുന്ന ധനകാര്യവകുപ്പ് ഇപ്പോള്‍ 2000 കോടിയുടെ കുടിശ്ശിക സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ചെയ്തുതീര്‍ത്ത പണികള്‍ക്ക് ബില്ലുകള്‍ തയ്യാറാക്കാതെ മരാമത്ത് വകുപ്പ് ഒഴിഞ്ഞുമാറുകയാണ്. 2013ലെ ഓണക്കാലത്തിന് മുമ്പ് ചെയ്തുതീര്‍ത്ത പണികള്‍ക്കുപോലും പണം ലഭിക്കാനുണ്ടെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. മോഹന്‍കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഒന്നര കൊല്ലത്തെ കുടിശ്ശിക ആകുന്നു. ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും സ്വകാര്യവായ്പയും പ്രയോജനപ്പെടുത്തിയാണ് കരാറുകാര്‍ മരാമത്തു പണികള്‍ക്ക് പണം മുടക്കിയിരിക്കുന്നത്. 10-15വരെ ശതമാനം ലാഭം കണക്കാക്കിയാണ് അടങ്കല്‍ തയ്യാറാകുന്നത്. 25% വരെ അടങ്കല്‍ തുകയില്‍ കുറവ് വരുത്തി പണികള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നുണ്ട്. വളരെ തുച്ഛമായ ലാഭമാണ് കിട്ടുന്നത്. പണികള്‍ക്കായി എടുത്തിട്ടുള്ള വായ്പയ്ക്ക് ബാങ്കു കുടിശ്ശിക നിരക്ക് കണക്കാക്കിയാല്‍ 20%ത്തോളം പലിശ നല്‍കേണ്ടി വരുന്നു.
ഫലത്തില്‍ സര്‍ക്കാര്‍ കരാറുകാരില്‍ നിന്നും അങ്ങോട്ടു പണം വായ്പ എടുത്തിട്ടുള്ളവരാണ്. അതിന് ഇങ്ങോട്ട് പലിശ തരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. അതു തരുന്നില്ലായെന്നുമാത്രമല്ല. കരാറുകാര്‍ മുടക്കിയ പണത്തിന് സര്‍ക്കാരിന് അങ്ങോട്ടു പലിശ നല്‍കണമെന്ന വിചിത്രമായ ഒരു ഉത്തരവ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത ഒരു സമ്പ്രദായമാണ് ഇത്. ബില്‍ ഡിസ്കൗണ്ടിങ്ങെന്ന ഓമനപ്പേരിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. ബില്‍തുക കിട്ടാന്‍ 12% പലിശ അങ്ങോട്ടു നല്കണമത്രേ. ചില ബാങ്കുകളെ കൂട്ടുപിടിച്ചാണ് ഈ തട്ടിപ്പിന് ധനകാര്യവകുപ്പ് തയ്യാറാകുന്നത്.
ഈ 12 ശതമാനവും നേരത്തെ സൂചിപ്പിച്ച 20 ശതമാനവും അടങ്കല്‍ തുകയില്‍ വരുത്തിയ കുറവും കണക്കിലെടുത്താല്‍ അടങ്കല്‍ തുകയുടെ പകുതി തുക പോലും കരാറുകാര്‍ക്ക് ലഭിക്കില്ല. ഇതിനുപുറമെ ഷെഡ്യൂള്‍ വില തൊട്ട് ടാക്സ് പിടുത്തം വരെ കൈക്കൂലി ഉള്‍പ്പെടെ ഏഴുശതമാനം ബില്ലില്‍ കുറയും. ഇങ്ങനെ ഒരു കൊലച്ചതി കേരളത്തിലെ കരാറുകാരോട് എന്തിനാണ് ചെയ്യുന്നതെന്ന് പ്രസ്താവനയില്‍ ചോദിക്കുന്നു.
ബ്ലെയ്ഡ് പലിശക്കാരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന് കുബേര നടത്തുന്ന സര്‍ക്കാര്‍ സ്വയം ഒരു ബ്ലെയ്ഡ് കമ്പനിയായി അധഃപതിക്കുന്നത് ന്യായീകരിക്കാനാകുന്നതല്ല. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് സര്‍ക്കാര്‍ അതില്‍ നിന്നു ഒരു പൈസപോലും കരാറുകാര്‍ക്ക് നല്‍കാതെ ധൂര്‍ത്തിനും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കുമായി ചെലവഴിച്ചതുമൂലമാണ് പ്രതിസന്ധിയുണ്ടായത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 നു മുമ്പ് ആറ് മാസത്തെ കുടിശ്ശികയെങ്കിലും തന്നു തീര്‍ക്കണമെന്ന് അസോസിയേഷന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: