മൂവാറ്റുപുഴ: കാക്കൂര്‍ കാളവയില് കുതിരവണ്ടി മറിഞ്ഞ് കുതിരയ്ക്കും വണ്ടിക്കാരനും പരിക്ക്. കാളവയലില് ഇന്നലെ നടന്ന കുതിരവണ്ടിയോട്ടത്തിന്റെ അവസാനത്തിഘട്ടത്തിലാണ് അപകടം നടന്നത്. പാലക്കാട് സ്വദേശിയുടെതാണ് കുതിര. കുതിര ഓടിച്ചിരുന്ന ഗൗതമിനാണ് മുഖത്തും കൈക്കും പരിക്കേറ്റത്.
കുതിരയുടെ വലത് ഭാഗത്ത് മുന്‍-പിന് കാലുകളിലാണ് പരിക്കേറ്റിരിക്കുന്നത്. അവസാനമത്സരത്തില്‍ ഒരുറൗണ്ട് പൂര്‍ത്തിയാക്കി തിരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് വരുന്നതിനിടെ നിര്‍ത്താതെ പോയ കുതിരവണ്ടി ഒരു കിലോമീറ്റര്‍ അകലെ തിരുമാറാടി സുന്ദരിമുക്ക് വളവില്‍ വട്ടം മറിയുകയായിരുന്നു. മറിച്ചിലില്‍ റോഡില്‍ കുതിര മുഖംകുത്തി വീണ് തെറിച്ച് പോവുന്നതിനിടെയാണ് കാലുകള്‍ക്ക് പരിക്കേറ്റത്. ഈ വീഴ്ചയില്‍ വണ്ടിയിലുണ്ടായിരുന്ന വണ്ടിക്കാരനും റോഡിലേയ്ക്ക് വീഴുകയായിരുന്നു. വണ്ടിയുടെ കൈപിടി തകര്‍ന്നു.
സമീപവാസികള്‍ ഓടിക്കൂടി കുതിരവണ്ടിക്കാരനെയും കുതിരയേയും സമീപത്തെ വീട്ടില്‍ കയറ്റിനിര്‍ത്തി. സ്ഥലത്തെത്തിയ സംഘാടകര്‍ കുതിരയെ ചികിത്സിക്കാന്‍ തയ്യാറാകാതെ ഉടമയുടെ കൂടെ പറഞ്ഞയക്കുകയാണ് ചെയ്തത്. സംഘാടകരുടെയും കുതിരവണ്ടിക്കാരന്റെയും അനാസ്ഥമൂലമുണ്ടായ അപകടത്തിന് കേസെടുക്കുന്നതിനും പരിക്കുകള്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കേണ്ട പോലീസ് നടപടിയൊന്നും സ്വീകരിക്കാതെ ഇതില്‍ നിന്ന് ഒഴിഞ്ഞ്മാറുകയാണ് ചെയ്തത്.
കുതിരയ്ക്കും വണ്ടിക്കാരനും ആവശ്യമായ ചികിത്സ ഒരുക്കണമെന്നും അനാസ്ഥയ്ക്കെതിരെ കേസെടുക്കണമെന്നും കുതിരയെ കൊണ്ടുപോകുവാനുള്ള നീക്കം തടയണമെന്നവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ ദയയുടെ സെക്രട്ടറി രമേശ്കുമാര്‍ പിറവം സിഐയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല. ഇതിനിടയില്‍ പരിക്കേറ്റ കുതിരയെ മറ്റൊരുവാഹനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാതൊരുവിധ സുരക്ഷാസംവിധാനവും ഇല്ലാതെയാണ് മത്സരം നടന്നത്. വാഹന ഗതാഗതം നടക്കുന്ന റോഡിലാണ് മത്സരം നടന്നത്. തിങ്ങിക്കൂടിയ കാണികളെ നിയന്ത്രിക്കാന്‍ പോലീസോ സംഘാടകരോ തയ്യാറായില്ല.
കുതിരകളെ മത്സരത്തില്‍ പങ്കെടുപ്പിക്കണമെങ്കില്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പെര്ഫോര്മിംഗ് ആനിമല്‍ ആക്ട് 2001 അനുസരിച്ച് അനുമതിപത്രം വാങ്ങണം. എന്നാല്‍, ഇതൊന്നും വാങ്ങാതെയാണ് മത്സരം നടത്തിയത്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ല.മുന്‍പ് കാളവണ്ടിയോട്ട മത്സരവും മരമടി മത്സരവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഈ വര്‍ഷം ഒഴിവാക്കുകയായിരുന്നു. ഇതിന് പകരമായിരുന്നു പാലക്കാട്, പൊള്ളാച്ചി, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ഏഴോളം കുതിരവണ്ടികളെ മത്സരത്തിനായി ഇവിടെയത്തിച്ചത്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെതിരെയുള്ള ജില്ലാതല സംഘടനയായ എസ്പിസിഎയുടെ ജില്ലാതല പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയാണ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചശേഷം മത്സരവണ്ടിയില് യാത്രചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: