മട്ടാഞ്ചേരി: ബോട്ട് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ജലഗതാഗതവകുപ്പ് ഉദേ്യാഗസ്ഥസംഘം ബോട്ട് സര്‍വ്വീസുകള്‍ റദ്ദുചെയ്തു. ഏറെ ഗുണകരവും സമയലാഭവും മിതമായ സാമ്പത്തിക ചെലവുമുള്ള കൊച്ചിയിലെ ജലഗതാഗതമേഖലയെ തകര്‍ക്കാനുള്ള ശ്രമമായാണ് അടിക്കടി അറ്റകുറ്റപ്പണിയുടെ പേരിലുള്ള ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം ഫോര്‍ട്ടുകൊച്ചി-എറണാകുളം റൂട്ടിലോടുന്ന എട്ടോളം സര്‍വ്വീസുകളാണ് അധികൃതര്‍ ക്യാന്‍സലാക്കിയത്.
ഏറെ തിരക്കുള്ള രാവിലെയാണ് സര്‍വ്വീസുകള്‍ നിര്ത്തലാക്കുന്നുവെന്നത് വ്യാപകമായ പ്രതിഷേധത്തിനുമിടയാക്കിയിട്ടുണ്ട്. എറണാകുളം നഗരത്തെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഐലന്റ്, വൈപ്പിന്‍ തുടങ്ങിയ തീരദേശ നഗരപ്രദേശവുമായി ബന്ധപ്പെടുത്തിയുള്ള ബോട്ട് സര്‍വ്വീസുകള്‍ കാര്യക്ഷമവും സുരക്ഷിതത്വവുമാക്കണമെന്ന് ആവശ്യമുയരുമ്പോഴാണ് ജലഗതാഗത വകുപ്പ് അധികൃതര്‍ ബോട്ട് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ജനകീയ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും യാത്ര സമയലാഭവും ഗതാഗത തടസ്സത്താലുമുള്ള സമയനഷ്ടവും ഒഴിവാക്കിക്കൊണ്ടുള്ള ബോട്ട് യാത്രയ്ക്ക് ജനങ്ങള്‍ തയ്യാറാകുമ്പോഴാണ് ഉദേ്യാഗസ്ഥര്‍ കെടുകാര്യസ്ഥതയും നിരുത്തരവാദ സമീപനവുമായി ബോട്ട് സര്‍വ്വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.
പ്രതിദിനം ആയിരത്തിലേറെ യാത്രക്കാരാണ് കൊച്ചി ജലഗതാഗത സേവനമേഖലയിലെ ബോട്ട് സര്‍വ്വീസുകളിലൂടെ യാത്രചെയ്യുന്നത്. ആഴമേറിയ കപ്പല്‍ചാലിലൂടെ കാലപ്പഴക്കംചെന്ന ബോട്ടുകളിലൂടെ യാത്രചെയ്യുന്ന ജനങ്ങള്‍ സുരക്ഷാഭീഷണി നിലനില്‍ക്കുമ്പോഴും ബോട്ട് യാത്രയ്ക്ക് തയ്യാറാകുന്നത് ജോലികഴിഞ്ഞും ജോലിക്കായുള്ള തിരക്കുമൂലവുമുള്ള ബസ് യാത്രാദുരിതത്തില്‍നിന്ന് രക്ഷനേടാനാണ്. എന്നാല്‍ ബോട്ടുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: