പുനലൂര്‍: നഗരത്തിലെ ചൂടിന്റെ കാഠിന്യം സര്‍വകാല റിക്കാര്‍ഡില്‍ തുടരുമ്പോഴും തൊഴില്‍ മേഖലകളില്‍ യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. നഗരത്തില്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. ഈ പ്രതിഭാസം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിന്റെ പിന്നിലെ രഹസ്യം തേടുകയാണ് കാലാവസ്ഥാനിരീക്ഷകര്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യാതാപം അനുഭവപ്പെടുന്ന സ്ഥലം പാലക്കാട് ആയിരുന്നുവെങ്കില്‍ രണ്ടുവര്‍ഷമായി ഈ ഖ്യാതി പുനലൂരിന് സ്വന്തം. കല്ലടയാറിന്റെ സാമിപ്യവും ഇളംകാറ്റും എപ്പോഴും വീശുമ്പോഴും നഗരമധ്യത്തെ ചൂടിന്റെ കാഠിന്യം ദിവസേന മാറിവരുകയാണ്. എന്നാല്‍ പുനലൂരില്‍ കാലാവസ്ഥകേന്ദ്രം സ്ഥാപിച്ചിരുന്ന താപമാപിനി നഗരത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ മാറി കലയനാട്ടെ ഒഴിഞ്ഞകോണില്‍ സ്ഥാപിക്കപ്പെട്ടതോടെ ചൂടിന്റെ യഥാര്‍ത്ഥ അളവ് തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.
തൊഴില്‍മേഖലയില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നിര്‍മ്മാണമേഖലയാണ്. കെട്ടിട നിര്‍മ്മാണമുള്‍പ്പെടെയുള്ള ജോലികളില്‍ 80 ശതമാനം തൊഴിലാളികളും അന്യസംസ്ഥാന തൊളിലാകള് ആയതിനാല്‍ കോണ്ട്രാക്ടര്മാരോ വീട്ടുടമകളോ സമയക്രമത്തില്‍ യാതൊരു ഇളവുകളും നല്കാത്തതിനാല് ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍
സൂര്യാഘാതമുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ സംഭവിക്കാനും ഇടയുണ്ട് എന്നിരിക്കെ ലേബര്‍ ഓഫീസുകള്‍ മുഖേന തൊഴിലിന്റെ സ്വഭാവമനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. നഗരത്തില്‍ 11ന് ശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ചൂട് കൂടുന്നതിന് പിന്നാലെ നഗരത്തില്‍ ജ്യൂസ് ഇനങ്ങള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും വന്‍വില വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്നതിലും ഇരട്ടിയിലധികം തുക ഈടാക്കുന്ന കാഴ്ചയാണ് പുനലൂര്‍ നഗരസഭാപരിധിയില്‍ കാണാന്‍ കഴിയുന്നത്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പ്ലാച്ചേരി, വട്ടപ്പട, തുമ്പോട്, കാഞ്ഞിരമല, പത്തേക്കര്‍, കോമളംകുന്ന് ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെ ചുമട്ടുവെള്ളത്തെ ആശ്രയിക്കുകയാണ്.
നഗരസഭ കൊട്ടിഘോഷിച്ച നീര്‍ത്തട പദ്ധതികളും മറ്റ് പദ്ധതികളും വൃതാവിലായിക്കഴിഞ്ഞു. ജപ്പാന് കുടിവെള്ള പദ്ധതിയും നഗരസഭാ പരിധിയില്‍ പ്രയോജനപ്പെട്ടിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ വാഹനങ്ങളില്‍ ജലമെത്തിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ചെയ്യാത്തതോടെ കുടിവെള്ളം കൂടി ലഭിക്കാത്ത അവസ്ഥയാണ് പുനലൂര്‍ നഗരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: