പള്ളുരുത്തി: വലിയവാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ച തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ സ്വകാര്യബസ്സ് കയറ്റിയിറക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് മട്ടാഞ്ചേരി- കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുബ്ബാറക്ക് എന്ന സ്വകാര്യബസ്സ് പാലത്തിലൂടെ കയറിയിറങ്ങിയത്. ഹാര്‍ബര്‍ പാലം അപകടത്തിലായതിനെത്തുടര്‍ന്ന് രണ്ടുമാസത്തോളം ഗതാഗതംപൂര്‍ണ്ണമായും നിരോധിച്ചശേഷമാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 13 നാണ് പാലം ഗതാഗതത്തിനായി തുറന്നു നല്‍കിയത്.
ഉയരത്തില്‍ ക്രോസ് ബാര്നിര്മ്മിച്ച് പാലത്തിലൂടെ വലിയവാഹനങ്ങള്‍ കടന്നു പോകുന്നത് നിയന്ത്രിച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം മുമ്പ് ഇതുവഴിവന്ന പെട്ടിഓട്ടോറിക്ഷ ഇടിച്ച് ക്രോസ്ബാര്‍ തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണ ക്രോസ്ബാര്‍ പൊതുമരാമത്ത് അധികൃതര്‍ പുനര്‍നിര്‍മ്മിച്ചിട്ടില്ല.
ക്രോസ് ബാര്‍ ഇല്ലാത്ത പാലത്തീലൂടെ വലിയവാഹനങ്ങള്‍ യഥേഷ്ടം കയറിയിറങ്ങുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പാലം പുനര്‍നിര്‍മ്മിച്ചുവെങ്കിലും ബലക്ഷയം പരിഹരിച്ചിട്ടില്ലാത്തതിനാലാണ് വലിയ വാഹനങ്ങള്‍ കയറുന്നത് നിയന്ത്രിക്കുവാന്‍ തീരുമാനിച്ചത്. ഇന്നലെ പാലത്തിലൂടെ കയറിയ സ്വകാര്യബസ്സ് ഐലന്റ് ഭാഗത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുവാന്‍ കഴിയാത്തതിനാല്‍ പാലത്തിലൂടെതന്നെ പിന്നോട്ടുപോരേണ്ടിവന്നു. ഇത് ഏറെനേരം തോപ്പുംപടിഭാഗത്ത് ഗതാഗതതടസ്സമുണ്ടാക്കി. നിരോധനം ലംഘിച്ച് പാലത്തിലൂടെ കയറിയ ബസ്സ് പള്ളുരുത്തി ട്രാഫിക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് കേസ്സ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: