കൊല്ലം: ചിന്നക്കടയിലെ വന്മതില് നിര്‍മ്മാണത്തിനെതിരെ ജനങ്ങളും വ്യാപാരികളും പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടും കോര്പ്പറേഷന് ഭരണാധികാരികള്‍ക്ക് കുലുക്കമില്ല. അടിപ്പാത നിര്‍മ്മാണത്തിന്റെ പേരില്‍ കോടികളാണ് ഇതിനകം തുലച്ചത്. ഗതാഗതകുരുക്ക് ഒഴിവാക്കാനാണെന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നഗരത്തെ സമരച്ചൂടിലേക്ക് തള്ളുന്നത്.
കൊല്ലം ഡവലപ്മെന്റ് അതോറിറ്റി വിഭാവനം ചെയ്ത പദ്ധതിയാണിത്. കൊല്ലം എഡിബി വായ്പയിന്മേല് കെഎസ്യുഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേയറായിരുന്ന പത്മലോചനനാണ് 2008ല്‍ ഇത് നടപ്പിലാക്കാന്‍ തുടങ്ങിയത്. റയില്‍വേയുടെ അനുവാദമില്ലാതെ തുടങ്ങിയതുകൊണ്ട് പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമാവുകയായിരുന്നു അന്നത്തെ കരാര്‍ തുക നാലരക്കോടിയായിരുന്നു.
പിന്നീട് പ്രസന്ന ഏണസ്റ്റ് മേയറായപ്പോള്‍ 2012 മേയ് 21ന് 19 ശതമാനവും 2014 ഏപ്രില്‍ 23ന് വീണ്ടും 11 ശതമാനവും കരാറുകാരന് അധികം നല്കാന് കെഎസ്യുഡിപിയുടെ എംപവേര്‍ഡ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കോര്പ്പറേഷന് കൗണ്‍സിലിന്റെ അംഗീകാരത്തോടെയായിരുന്നു ഇതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അടിപ്പാതയുടെ ഉയരം നാലരമീറ്ററില്‍ നിന്നും അഞ്ചരമീറ്ററായി മാറ്റി പണി നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് കെഎസ്യുഡിപി തയ്യാറാക്കിയ അധികം നല്കേണ്ടിവരുന്ന തുകയുടെ 30 ശതമാനം കോര്പ്പറേഷന് വഹിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അജണ്ടയായിരുന്നു പിന്നീട് പ്രത്യക്ഷപ്പെട്ടത്.
കാലതാമസവും ഉയരത്തില്‍ വന്ന വ്യത്യാസവും കണക്കിലെടുത്ത് അടിപ്പാത നിര്‍മ്മാണത്തിന് പുതുതായി തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക ആറുകോടി അറുപത്തിയാറ് ലക്ഷം രൂപ. ഇതിന്റെ 30 ശതമാനം കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് നല്‍കേണ്ടിവരുന്നത്.
ശ്രീപത്മലോചനന് മേയറായിരുന്നപ്പോള്‍ അടിപ്പാത നിര്‍മ്മാണം മോണിറ്റര്‍ ചെയ്യുന്നതിന് ഒരു കോര്‍പ്പറേഷന്‍തല കമ്മിറ്റി ഉണ്ടായിരുന്നു. വിവിധ ചെയര്മാന്മാരും രണ്ട് കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ടതായിരുന്നു കമ്മിറ്റി. പ്രസന്ന ഏണസ്റ്റ് മേയറായി വന്നതിനുശേഷം അത്തരമൊരു കമ്മിറ്റി തന്നെ ഇല്ലാതായി.
ആദ്യം തയ്യാറാക്കിയ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി പിന്നീട് പ്ലാന്‍ തയ്യാറാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.കെഎസ്യുഡിപിയുടെ എല്ലാ പദ്ധതികള്‍ക്കും രൂപം നല്‍കുന്നതും ടെണ്ടര്‍ ചെയ്യുന്നതും കരാറുകാരനെ നിശ്ചയിക്കുന്നതും കരാറുകാരന് തുക കൂട്ടി നല്‍കുന്നതും കരാറുകാരനുമായി നെഗോഷിയേറ്റ് ചെയ്യുന്നതും എംപവേര്‍ഡ് കമ്മിറ്റിയാണ്. അതില്‍ കൊല്ലം കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച് കൊല്ലം മേയര്‍ മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: