ചെട്ടികുളങ്ങര: ഓണാട്ടുകരക്കാരുടെ രാപ്പകലുകള്‍ക്ക് ഇനിയുള്ള ഏഴുനാള്‍ താനവട്ടത്തിന്റെ താളവും കരവിരുതിന്റെ മനോഹാരിതയുമായിരിക്കും. ദേശദേവതയുടെ പ്രീതിയ്ക്കായി ശിവരാത്രിമുതല്‍ ഭരണിനാള്‍വരെ ജാതിമത ഭേദമന്യേ ഒരുമനമായി ഒരു നാട് ഒരുമിക്കുന്നു. ഒരു നാടിന്റെ ഉത്സവം അന്തര്‍ദേശിയ തലത്തിലേക്ക് ഉയര്‍ന്നതിനു പിന്നിലും ഈ ഒരുമയാണ്. ഇത് ചെട്ടികുളങ്ങരയില്‍ മാത്രം കാണുന്ന സാഹോദര്യം. ഭരണിനാളില്‍ ദേവിക്കു മുന്പില് സമര്‍പ്പിക്കുന്നതിനായി ചെട്ടികുളങ്ങരയിലെ പതിമൂന്ന് കരകളിലും കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ കരനാഥന്മാര് അമ്മയുടെ അനുഗ്രഹം നേടി ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുണ്യാഹം കെട്ടുരുപ്പടികളില്‍ തളിച്ചു. ഇതിനുശേഷം കുതിരമാളികയില്‍ നിന്നും കെട്ടുരുപ്പടികള്‍ കെട്ടുകാഴ്ച നിര്‍മ്മാണ സ്ഥലത്തെത്തിച്ച് നിര്‍മ്മാണം ആരംഭിച്ചു. അടിക്കൂട്ട് ഉറപ്പിക്കലും കതിരുകാല് നിര്‍മ്മാണവുമാണ് ഇന്നലെ നടന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഇടകൂടാരം, പ്രഭട, മേക്കൂടാരം തുടങ്ങിയവയുടെ നിര്‍മ്മാണമാണ് നടക്കാനുള്ളത്. തച്ചുശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കരകളിലെ ആബാല വൃദ്ധ ജനങ്ങളും കെട്ടുകാഴ്ച നിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്കു നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: