പുന്നംപറമ്പ്: മാമാങ്കത്തിന്റെ ആരവങ്ങളില്‍ ദേശങ്ങള്‍. ഇന്ന് കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങളില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കും. വിവിധ ദേശകലാസാംസ്കാരിക പരിപാടികള്‍ക്കും തുടക്കമായി. രാത്രിവിരുപ്പാക്ക ദേശമാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തുക. പിന്നിട് മണലിത്തറ, കരുമത്ര ദേശങ്ങളിലും വെടിക്കെട്ട് നടക്കും.
കരുമത്ര പാറപ്പുറം സെന്ററില്‍ ദേശമൊരുക്കിയ കാഴ്ചപന്തലില് ദീപാലാങ്കാരം സ്വിച്ച് ഓണ്‍ നടന്നു. കലാസാംസ്കാരിക പരിപാടികള്ആരംഭിച്ചു. മന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൃശൂര്‍ കലാസദന്റെ ഗാനമേള നടന്നു. ഇന്ന് വൈകീട്ട് 7ന് ചാക്യര്കുത്തിന് ശേഷം 9.15ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. മണലിത്തറ ദേശത്തിന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്നലെ മണലിത്തറ അയ്യപ്പന്‍കാവില്‍ നിറമാലയും ചുറ്റുവിളക്കും നടന്നു. ഭജനക്ക് മച്ചാട് തങ്കരാജും സംഘവും നേതൃത്വം നല്കി.. തുടര്‍ന്ന് കലാമണ്ഡലം ശ്രീകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദള കേളിയും നടന്നു.
ഇന്ന് വൈകീട്ട് 6.30ന് പല്ലാവൂര്‍ ശ്രീധരന്, അഗതിയൂര്‍ ഹരീഷ് നമ്പൂതിരി എന്നിവര്‍ പ്രമാണിത്വം വഹിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. തുടര്‍ന്ന് കേറ്റിപ്പാടം ഗ്രാമസമുച്ചയത്തിലാണ് ദേശത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. പാലക്കാട് കാവിലമ്മ ഫയര്‍വര്‍ക്സിലെ കെ.ഗോപാലനാണ് വെടിക്കെട്ട് സജ്ജീകരിക്കുക. കേറ്റിപ്പാടത്ത് ദേശപന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയായി സ്വിച്ച് ഓണ്‍ നടന്നു. പാര്‍ളിക്കാട് നന്ദന സൗണ്ട് ആന്റ് ഡെക്കറേഷനാണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്.
വിരുപ്പാക്ക ദേശത്തിന്റെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ പാലക്കാട് ചിലമ്പൊലി അവതരിപ്പിച്ച ഗ്രാമോത്സവം നടന്നു. ഇന്ന് കാലത്ത് 10ന് വിരുപ്പാക്ക ദേശസംഗമമാണ്. നാട്ടിലും മറുനാട്ടിലും വസിക്കുന്ന ദേശക്കാര്‍ സംഗമിക്കും. വിരുപ്പാക്ക കൃഷ്ണാലയം കലാകേന്ദ്രയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ദേശസദ്യയും ഉണ്ടാകും. വൈകീട്ട് 8.30നാണ് സാമ്പിള്‍ വെടിക്കെട്ട്. വിരുപ്പാക്ക പാടശേഖരത്തില്‍ നടക്കുന്ന വെടിക്കെട്ടിന് ദേശമംഗലം അക്ഷയ ഫയര്‍വര്‍ക്സ് നേതൃത്വം നല്‍കും.
മച്ചാട് തിരുവാണിക്കാവില്‍ ഇന്നലെ വൈകീട്ട് 7ന് മാസ്റ്റര്‍ മാധവ് സൂര്യ അവതരിപ്പിക്കുന്ന തായമ്പക നടന്നു. തുടര്‍ന്ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് ഉണ്ടായി.തുടര്‍ന്ന് പനങ്ങാട്ടുകര ശ്രീദുര്‍ഗ്ഗാ കലാനിലയം അവതരിപ്പിക്കുന്ന നൃത്തൃനൃത്യങ്ങള് നടന്നു. ഇന്ന് വൈകീട്ട് 7ന് നീലേശ്വരം പ്രവീണ്‍ വാര്യര്‍ അവതരിപ്പിക്കുന്ന തായമ്പക. 9ന് കലാമണ്ഡലം കൃഷ്ണപ്രിയയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: