മാവേലിക്കര: ജില്ലയില്‍ പേപ്പട്ടി കടിച്ചാല്‍ മരുന്ന് ലഭിക്കണമെങ്കില്‍ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തണം. പേപ്പട്ടി കടിച്ചാല്‍ നല്കുന്ന പ്രത്യേക വാക്സിന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാത്രമാണ് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നത്. നേരത്തെ താലൂക്ക് ആശുപത്രികളില്‍ മരുന്ന് നല്‍കുമായിരുന്നെങ്കിലും ഇപ്പോള്‍ ലഭ്യമല്ല. മരുന്നിന്റെ ലഭ്യത കുറവ് മൂലമാണ് താലൂക്ക് ആശുപത്രികളില്‍ വിതരണം ചെയ്യാത്തതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
മൃഗങ്ങളില്‍ നിന്നും ചെറിയ രീതിയില്‍ ഉണ്ടാകുന്ന മുറിവുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ താലൂക്ക് ആശുപത്രികളില്‍ മരുന്ന് ലഭിക്കുന്നത്. മാരകമായ മുറിവു സംഭവിക്കുകയോ, കടിച്ചത് പേപ്പട്ടിയാണെന്ന് ഉറപ്പാവുകയോ ചെയ്താല്‍ സാധാരണ നല്കുന്ന കുത്തിവയ്പ്പിനൊപ്പം പ്രത്യേക മരുന്നും കുത്തിവയ്ക്കണം. ഇതാണിപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ലഭിക്കുന്നത്. തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവൃത്തനങ്ങള്ക്കൊപ്പം മരുന്നും ലഭ്യമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: