മാനന്തവാടി : കൊച്ചിയില്‍നിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസ് മാനന്തവാടി-മൈസൂര്‍ റോഡില്‍ താഴെ അമ്പത്തിനാലാംമൈലില്‍ കത്തിനശിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.
വനഭാഗത്തെ 11 കെവി ഇലക്ട്രിക് ലൈനിലെ ഒരു കമ്പി പോസ്റ്റില്‍ നിന്ന് ഉയര്‍ന്ന് മരകൊമ്പില്‍ തട്ടി കത്തിപ്പിടിച്ച്. ബസ്സിന് മുകളില്‍ വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ്സില്‍ തീ പടര്‍ന്നതോടെ യാത്രക്കാര്‍ ഇറങ്ങിഓടി. മാനന്തവാടിയില്‍നിന്ന് സ്റ്റേഷന് ഇന്‍ചാര്‍ജ് ഇ. കുഞ്ഞിരാമന്റെയും ലീഡിംഗ് ഫയര്മാന് എന്‍. ബാലകൃഷ്ണന്റെയും നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് കിണഞ്ഞ് ശ്രമിച്ചാണ് തീ അണച്ചത്.
ഇതിനിടെ ബസ് കത്തിചാമ്പലായി. കൊച്ചി- ബംഗളുരു റൂട്ടില്‍ സ്ഥിരം സര്‍വീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടി പോലീസ് കേസെടുത്തു. പരിക്കേറ്റ തലശ്ശേരി സ്വദേശി ജിതേഷിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: