കഴിഞ്ഞ അഞ്ചുവര്‍ഷമായി മലയാള ചലച്ചിത്രഗാനശാഖ ഒരുവലിയ നഷ്ടത്തിന്റെ നിഴലിലാണ്. ഒരുപക്ഷെ മലയാളക്കരയുടെ ആ മഹാനഷ്ടം ഗന്ധര്വ്വലോകത്തിന് നേട്ടമായിട്ടുണ്ടാകണം. കാരണം അരനൂറ്റാണ്ടുകാലം മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ചു സ്നേഹിച്ച്, എന്നാല്‍ സ്നേഹിച്ച് കൊതിതീരാതെ 2010 ഫെബ്രുവരി 10 ന് ഈമണ്ണില് നിന്ന് ഭൗതികസാന്നിദ്ധ്യം വെടിഞ്ഞ് പോകേണ്ടിവന്ന ഗിരീഷ് പുത്തഞ്ചേരി മണ്ണിലെ ഓര്‍മ്മകളെ വാഴ്ത്തികോറിയിട്ട വരികള്‍ ഗന്ധര്വ്വന്മാര് പാടിത്തുടങ്ങിയിട്ടുണ്ടാകണം.
മനസ്സുനിറയെ കവിതയും നുരയുന്ന സംഗീതവുമായി ഈ മണ്ണിന്റെ ചൂടും ചൂരും ആവോളം ഏറ്റുകഴിഞ്ഞയാള്ക്ക് ഏതുലോകത്തായാലും മിണ്ടാതിരിക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ മണ്ണിനേയും ചരാചരങ്ങളേയും ഇവതമ്മിലെ പരസ്പരപൂരിതമായ രസതന്ത്രത്തേയും സ്മരിച്ച് സ്ഫുടം ചെയ്തെടുത്ത അക്ഷരക്കൂട്ടുകളാല്‍ മലയാളത്തിന്റെ അഭിമാനവും സ്വന്തവുമായ ഗിരീഷ്പുത്തഞ്ചേരി..അങ്ങ് നക്ഷത്രലോകത്ത് എഴുതിക്കൊണ്ടേ ഇരിക്കുകയാകണം.. ആവരികള്‍ ഗഗനചാരികള്‍ പ്രണയസുധാമയ ഗാനങ്ങളാക്കിയാലും അതിനൊപ്പിച്ച് ദേവകന്യകള്‍ നൃത്തം വെച്ചാലും അത്ഭുതപ്പെടാനേയില്ല..
ഏതാണ്ട് 1998 മുതല്‍ 2010 വരെയുള്ള വ്യാഴവട്ടക്കാലം മലയാളചലച്ചിത്ര ഗാനശാഖയും ഗിരീഷ് പുത്തഞ്ചേരിയും രണ്ടായിരുന്നില്ല. കോഴിക്കോട്ടെ ഉള്ളിയേരിയില്‍ മലയാളഭാഷയേയും ഗാനശാഖയേയും സൂര്യകിരീടമണിയിക്കുവാനുള്ള നിയോഗവുമായി 1959 സെപ്റ്റംബര്‍ 23ന് പുളിക്കല്‍ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടേയും മകനായി പിറന്ന ഗിരീഷ് പുത്തഞ്ചേരി 328 ഓളം ചലച്ചിത്രങ്ങള്‍ക്കായി 1,556 ല്‍പ്പരം ഗാനങ്ങളാണ് രചിച്ചത്. ഇതിനുപുറമെ ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്, വടക്കുംനാഥന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയുമുണ്ടായി. മേലേപ്പറമ്പില്‍ ആണ്‍വീട്, കേരളഹൗസ് ഉടന്‍ വില്‍പ്പനക്ക്, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങള്ക്കാധാരമായി കഥകള്‍ പിറന്നതും ഗിരീഷിന്റെ തൂലികയില്‍ നിന്നുതന്നെ.
ഇതില്‍ മേലേപ്പറമ്പില്‍ ആണ്‍വീട് മലയാളസിനിമാ ചരിത്രത്തിലെ എക്കാലത്തെയും വിജയം നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ മലയാളമനസ്സില്‍ ഗിരീഷ് പുത്തഞ്ചേരിയെന്ന നാമധേയം തങ്കലിപികളാല്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഗാനരചയിതാവ് എന്ന നിലയില്‍ത്തന്നെയാണ്. 2001 മുതല്‍ 2004 വരെയുള്ള തുടര്‍ വര്ഷങ്ങളിലേതടക്കം ഏഴു തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള പുരസ്ക്കാരം അക്ഷരകടാക്ഷം ആവോളം ലഭിച്ച ഈ ഗീതികാരന് നേടിയത്.
മലയാളഭാഷക്കുള്ള സംഗീതാത്മകത പരമാവധി ഉപയോഗപ്പെടുത്തിയ രചയിതാവു കൂടിയാണ് ഗിരീഷ്പുത്തഞ്ചേരി. അനുപമമായ പദസമ്പത്തിനൊപ്പം സംഗീതജ്ഞാനിയായിരുന്ന അമ്മയില്‍നിന്ന് മുലപ്പാലിനൊപ്പം പകര്‍ന്നുകിട്ടിയ സംഗീതവും സമന്വയിച്ചപ്പോള്‍ ഈ ഗാനരചയിതാവിന്റെ രചനകള്‍ കാലാതീതമായി എന്നതാണ് യാഥാര്‍ത്ഥ്യം. മൃദുല മാനുഷിക വികാരങ്ങളോട് ഹൃദയംകൊണ്ട് സംവദിച്ച്, അദ്ദേഹത്തിന് അനായാസ ഗീതിരചനകള് നിര്‍വ്വഹിക്കാനായത് ധ്യാനത്തിലൂടെ കരഗതമാക്കിയ പദസമ്പത്തിനൊപ്പം രക്തത്തിലൂടെ പകര്‍ന്നുകിട്ടിയ സംഗീതസ്വാധീനവും ഏറെ പങ്കുവഹിച്ചതായി വിലയിരുത്തപ്പെട്ടതാണ്.
ആറാംതമ്പുരാന് എന്നചിത്രത്തിനു വേണ്ടി രചിച്ച ഹരിമുരളീരവം..ഹരിത വൃന്ദാവനം, പാടി..തൊടിയിലേതോ, കന്മദത്തിലെ മൂവന്തി താഴ്വരയില്, ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ രാത്തിങ്കള്‍ പൂത്താലിചാര്‍ത്തി..,ദേവകന്യക സൂര്യതമ്പുരു മീട്ടുന്നൂ..,സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഒരുരാത്രികൂടി വിടവാങ്ങവെ..,നീവരുവോളം എന്ന ചിത്രത്തിലെ ഈ തെന്നലും തിങ്കളും പൂക്കളും.. തുടങ്ങിയ ഗാനങ്ങള്‍ അനശ്വരമാക്കുന്നതില്‍ സംഗീത സംവിധായകരുടെ സംഭാവനക്കൊപ്പമോ അതിലുപരിയോ സംഗീതബോധത്തികവുള്ള ഗാനരചയിതാവില്‍ നിന്നുതിര്‍ന്ന സംഗീതാത്മക പദങ്ങളും നിര്‍ണ്ണായകമായതായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയവര്‍ പോലും സാക്ഷ്യപ്പെടുത്തിയതാണ്.
എല്ലാ ഗാനരചയിതാക്കളും കീര്‍ത്തികേട്ട കവികളോ എല്ലാ കവികളും നല്ല ഗാനരചയിതാക്കളോ ആകണമെന്നില്ല എന്നതിന് മലയാള സാഹിത്യ ചരിത്രവും ചലച്ചിത്രഗാനശാഖാ ചരിത്രവും സാക്ഷി.
എന്നാല്‍ വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി കുറുപ്പ്, പി.ഭാസ്ക്കരന്‍ എന്നിവര്‍ ഇതിനൊരപവാദമാണ്. വയലാറിന്റെയും, ഒഎന്‍വിയുടേയും മിക്ക വരികളില്‍ നിന്നും കവിത വേറിട്ടുനില്‍ക്കുന്നില്ല. അതുപോലെ തന്നെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളിലെ കവിതയുടെ സാന്നിദ്ധ്യവും. പിന്നെയും പിന്നെയും ആരോകിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.., അമ്മ മഴക്കാറിനു കണ് നിറഞ്ഞു, ഇന്നലേ എന്റെ നെഞ്ചിലെ.., ആകാശദീപങ്ങള്‍ സാക്ഷി.., മനസ്സിന് മണിച്ചിമിഴില്‍.., യാത്രയായ് സൂര്യാങ്കുരം.., മനസ്സ് ഒരു മാന്ത്രികക്കൂട്.., സൂര്യകിരീടം വീണുടഞ്ഞു.. തുടങ്ങിയ അദ്ദേഹത്തിന്റെ എത്രയോ രചനകളില്‍ കവിതയും ഗീതിയും ഇഴപിരിയാതെ പിണഞ്ഞു കിടക്കുന്നു. എല്ലാ മാനുഷിക വികാരങ്ങളും എന്നപോലെ തന്നെ ഭ്രമകല്‍പ്പനകളും സമ്മേളിച്ച പ്രപഞ്ചസത്യങ്ങള്‍ ഉള്‍ക്കൊണ്ട ഗ്രാമീണ നൈര്‍മല്യം കാത്തുസൂക്ഷിച്ച പച്ചയായ മനുഷ്യനും അടിസ്ഥാനപരമായി കവിയുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി.
പ്രണയവും വിരഹവും നഷ്ടവുമെല്ലാം ചെത്തിമിനുക്കിയ വാക്കുകളിലൂടെ ഹൃദയസ്പര്‍ശിയായി സമാനതകളില്ലാതെ ഗാനങ്ങളിലൂടെ പകരാനായതും ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിന്റെ മികവാണ്. കോടമഞ്ഞിന്റെ ചലനം പോലെ നീലജലാശയത്തിലെ കുഞ്ഞോളങ്ങള്‍ പോലെ മേഘക്കീറിനിടയില്‍ നിന്ന് മുഖം നീട്ടുന്ന അമ്പിളി പോലെ വനാന്തരത്തിലെവിടയോ പൂത്ത് മണം പരത്തുന്ന പാലപ്പൂവിന്റെ മെല്ലെപ്പരക്കുന്ന ഗന്ധം പോല അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രോതാവിന്റെ രസങ്ങളും ആത്മാവുമായി സംവദിക്കുന്നു.
ചെറിയ കാര്യങ്ങളില്‍ പിണങ്ങുകയും അതിലേറെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇഷ്ടമായ എന്തിനേയും തീവ്രമായി ഹൃദയം കൊണ്ടേറ്റുവാങ്ങിയ കവി. അതുകൊണ്ടാവണം അദ്ദേഹത്തിന്റെ പ്രണയ-വിരഹ ഗാനങ്ങളെല്ലാം ഇത്രമേല്‍ വശ്യതയുള്ളതോ, സത്യസന്ധമോ ആയിത്തീര്‍ന്നത്. ഉത്സവഛായയിലെ സന്ദര്‍ഭങ്ങള്‍ക്കായി അദ്ദേഹം രചിച്ച വരികള്‍ ആ സന്ദര്‍ഭങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയവ എന്നതും ഗിരീഷ് പുത്തഞ്ചേരിയെ പൊതുസമ്മതനാക്കി.
തെളിഞ്ഞു കത്തുന്നതിനിടയില്‍ കാറ്റൂതി ആ ദീപനാളത്തെ അണച്ചെങ്കിലും ആളിനിന്ന ദീപത്തിന്റെ സാന്നിദ്ധ്യം അകക്കണ്ണില്‍ തെളിയുന്നതുപോലെ മലയാളി അറിയുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ നിറ സാന്നിദ്ധ്യം..ഓര്‍മ്മക്കായി വെച്ചുപോയ ഗാനങ്ങള്‍ ഇവിടെയെന്നും ആ ഗന്ധം പരത്തും. കേട്ടുമതിവരാത്ത ആ ഗാനങ്ങളുടെ ശക്തിയാണ് ഈ മണ്ണിലെ വിരുന്നുകാലം അവസാനിപ്പിച്ചുപോയി അഞ്ചാണ്ടു കഴിഞ്ഞിട്ടും ഗിരീഷ് പുഞ്ഞഞ്ചേരി നമുക്കൊപ്പം ഇല്ലെന്ന് മലയാളിയെ അറിയിക്കാതിരിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: