മെല്‍ബണ്‍, ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന ക്രിക്കറ്റ് ലഹരികളിലേക്ക് ആരാധകര്‍ക്ക് സ്വാഗതം. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ രൂപത്തിന്റെ അധിപതിയെ കണ്ടെത്തുന്നതിന് ബാറ്റും ബോളും പോരടിക്കുന്ന ദിനങ്ങള്‍ക്ക് ഇന്നു തുടക്കം.
പാരമ്പര്യവും വീരഗാഥകളും ഏറെയുള്ള ന്യൂസിലാന്റും ഓസ്ട്രേലിയയുമാണ് ക്രിക്കറ്റ് യുദ്ധത്തിന് അങ്കത്തട്ട് ഒരുക്കുന്നത്. മുന്‍ ചാമ്പ്യന്‍ ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് ആരംഭിക്കുന്ന ഈ കളി നിങ്ങള്‍ ഈ അക്ഷരങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ പാതി പിന്നിട്ടിരിക്കാം. ചിലപ്പോള്‍ അതിനു തിരശീല തന്നെ വീണിരിക്കാം.
ഓസീസും പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും രാവിലെ 9 മണിക്ക് കൊമ്പുകോര്‍ക്കും. ലോകകപ്പിന് ഉചിതമായ തുടക്കമിടാന്‍ ഈ മുഖാമുഖത്തിന് സാധിക്കുമെന്ന് കരുതപ്പെടുന്നു.
ഇനി 44 ദിനങ്ങളോളം ലോകം ക്രിക്കറ്റിനെ പ്രണയിക്കുമെന്നത് നിസ്തര്‍ക്കം; ക്രിക്കറ്റ് ലോകത്തെയും. 49 മത്സരങ്ങളാണ് ഈ കായിക മഹാമഹത്തിന്റെ ഭാഗമാകാന്‍ പോകുന്നത്. പതിനാലു വേദികളും അത്ര തന്നെ ടീമുകളും കളി പ്രേമികള്‍ക്ക് വിരുന്നൊരുക്കാന്‍ വിയര്‍പ്പൊഴുക്കും.
ടീമുകളെയെല്ലാം രണ്ടു പൂളുകളായി തിരിച്ചിട്ടുണ്ട്. പൂള് എയില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാന്, സ്കോട്ട്ലന്റ് എന്നിവര്‍ മല്ലിടും. ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്, വെസ്റ്റിന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്റ്, യുഎഇ എന്നിവ പൂള് ബിയിലെ സംഘങ്ങള്‍.
ഓരോ പൂളിലെയും ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അര്‍ഹത നേടും. പ്രാഥമിക റൗണ്ടില്‍ ജയത്തിന് രണ്ട് പോയിന്റും സമനിലയ്ക്ക് 1 പോയിന്റും സമ്മാനിക്കും.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് കിവികളും കങ്കാരുക്കളുംസംയുക്തമായി ലോകകപ്പിന് കളമൊരുക്കുന്നതെന്ന പ്രത്യകതയുമുണ്ട്. അഫ്ഗാനിസ്ഥാന് ഇത്തവണത്തെ അരങ്ങേറ്റക്കാര്‍.
എല്ലാ മത്സരങ്ങളിലും ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഉപയോഗിക്കും. എന്നാല്‍ ഹോട്ട് സ്പോട്ട് പടിക്ക് പുറത്തു തന്നെ നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: