പാലക്കാട്: ജില്ലയില്‍ വ്യാപകമായി കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങുന്നു. കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക വിഹിതം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷക സംഘടനകളും ഭിന്നത മറന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.
കൃഷിയിറക്കി ദുരിതത്തിലായ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വില 19ല്‍ നിന്നു 25 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം എല്ലാ കര്‍ഷക സംഘടനകളും ഉന്നയിക്കുന്നു. സംഭരണ വില 19 രൂപയായി നിശ്ചയിച്ച് മൂന്നു വര്‍ഷം കഴിഞ്ഞു.
ഇതിനിടെ നെല്‍ക്കൃഷി രംഗത്ത് ഉഴവുകൂലി, കൊയ്ത്തു യന്ത്രവാടക, രാസവള വില വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന എന്നിവയുണ്ടായി. ഈ വര്‍ധനയ്ക്ക് ആനുപാതികമായ രീതിയില്‍ താങ്ങു വിലയിലും വര്‍ധന ആവശ്യമാണ്. ഒരു കിലോ നെല്ലിന് 25 രൂപ ലഭിച്ചെങ്കില്‍ മാത്രമേ കര്‍ഷകനു കാര്യമുള്ളൂ. സര്‍ക്കാര്‍ അനുവദിച്ച 19 രൂപയ്ക്കു പകരം 13.69 രൂപ വില നിശ്ചയിച്ച് കര്‍ഷകര്‍ക്കു കൊടുക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
നെല്ലിന്റെ സംഭരണവും ഇഴഞ്ഞു നീങ്ങുകയാണ്. ജില്ലയില്‍ ഇതുവരെ 6250 ഓളം ടണ്‍ നെല്‍ മാത്രമാണു സംഭരിച്ചിട്ടുള്ളത്. നെല്ലിന്റെ സംഭരണ വില രണ്ടു ഘട്ടമായി നല്‍കാനാണ് സപ്ലൈകോ ഉത്തരവായത്. കര്‍ഷകരില്‍ നിന്നു കിലോയ്ക്കു 19 രൂപയ്ക്കാണു നെല്ലെടുക്കുന്നത്. ഇതില്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയായ 13.60 രൂപയുടെ പേമെന്റ് ഓര്‍ഡര്‍ ജില്ലാ സഹകരണ ബാങ്കിലേക്കു നല്കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വിഹിതമായ 5.40 രൂപ സപ്ലൈകോയ്ക്ക് അനുവദിക്കുന്ന മുറയ്ക്കു കര്‍ഷകര്‍ക്കു നല്‍കും.
കേന്ദ്രവിഹിതം യഥാസമയം ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി കഴിഞ്ഞ രണ്ടു സീസണില്‍ കുടിശികയാണ്. ഈ ഇനത്തില്‍ 130 കോടിയിലധികം രൂപയാണു സപ്ലൈകോയ്ക്കു ലഭിക്കാനുള്ളത്. രണ്ടാം വിള നെല്ലെടുപ്പില് ഉടനടി സംഭരണവില വിതരണം ചെയ്യാന്‍ മുന്‍കൂര്‍ തുക അനുവദിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
സംഭരണം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണു ലഭിച്ച കേന്ദ്രവിഹിതമെങ്കിലും കര്‍ഷകര്‍ക്കു നല്കാന് സപ്ലൈകോ തീരുമാനിച്ചത്. രണ്ടു ഘട്ടമായുള്ള വില വിതരണം കര്‍ഷകര്‍ക്കും ബാങ്കുകാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: