കൊച്ചി: ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ യോട്ടിംങ് മത്സരത്തിന്റെ സംഘാടനത്തില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. സ്ഥലം എംഎല്‍എ ഉള്‍പ്പടെയുളളവര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതായി കേരള ടീം യോട്ടിംഗ് കോച്ച് ജോളിതോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സംസ്ഥാനത്ത് നിന്ന് ഒരു ടീം മാത്രമേ പങ്കെടുക്കാന്‍ പാടുളളുവെന്ന നിയമത്തിന് വിരുദ്ധമായി കേരളത്തില്‍ നിന്ന് രണ്ട് ടീം മത്സരിച്ചു. അതില്‍ ഒരു ടീമിന് അക്രഡിറ്റേഷന് പോലും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ ഔദ്യോഗിക ടീമിനെ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയാണ് അക്രഡിറ്റേഷന് ഇല്ലാത്തവരെ മത്സരിപ്പിച്ചത്.
മത്സര നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങളിലും അട്ടിമറിയുണ്ടായി. മുനമ്പത്ത് നടത്താന്‍ നിശ്ചയിച്ച മത്സരം അവസാന നിമിഷം ചെറായിലേയ്ക്ക് മാറ്റി. ഇതുമൂലം നാലു കിലോമീറ്റര്‍ തുഴഞ്ഞ് മത്സര സ്ഥലത്ത് എത്തേണ്ട അവസ്ഥയുണ്ടായി. ചിലരുടെ സ്വകാര്യ നേട്ടത്തിനായാണ് മത്സരസ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് അന്വേഷിക്കണം. കൂടാതെ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഇടവേളകളില്‍ വെളളമോ, ഭക്ഷണമോ നല്‍കിയില്ല.
സമീപപ്രദേശങ്ങളില്‍ സൗകര്യമുണ്ടായിട്ടും 22 കിലോമീറ്റര്‍ അകലെയാണ് ഇവരെ താമസപ്പിച്ചത്. മത്സരത്തിന് ശേഷം കുളിക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നില്ല. മത്സരം നിയന്ത്രിക്കാനായി ഉപയോഗിച്ചത് ഫിഷിംഗ് ബോട്ടാണ്. യോട്ടിംങ് മത്സരം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളൊന്നും വാങ്ങിയില്ല. പേരിന് മത്സരം നടത്തി തിരിമറി നടത്തുകയായിരുന്നു ലക്ഷ്യം. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കായി പണം നീക്കിവെച്ചിരുന്നെങ്കിലും ഇത്തരം പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും ജോളി തോമസ് ആരോപിച്ചു. രവീന്ദ്രന് കെ യും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: