ആലപ്പുഴ: പോലീസ് കസ്റ്റഡിയില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്ഐക്കും രണ്ട് പോലീസുകാര്‍ക്കുമെതിരെ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് നരഹത്യയ്ക്ക് കേസെടുത്തു. പുന്നപ്ര മുന്‍ എസ്ഐ: രാജേഷ്, പോലീസുകാരനായ നജീബ്, ഡ്രൈവര്‍ ജയന് എന്നിവര്‍ക്കെതിരെ അന്യായമായി തടസം ചെയ്യുക, നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ബില്ക്കുല് ഉത്തരവായത്.
സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്യേണ്ട കേസായതിനാല്‍ പ്രതികള്‍ ഹാജരായ ശേഷം കേസ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് അയക്കും. 2013 മാര്‍ച്ച് 16ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കളര്‍കോട് സനാതനപുരം സ്വദേശിയുമായ അഖിലേഷ് കെ.അശോകിനാണ് പോലീസ് കസ്റ്റഡിയില്‍ സാരമായി പരിക്കേറ്റത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് മരിച്ചു. വണ്ടാനം ഭാഗത്ത് വച്ച് പോലീസ് ജീപ്പില്‍ കൊണ്ടുപോകവെ ജീപ്പില്‍ നിന്ന് ചാടിയപ്പോള്‍ ഇയാള്‍ക്ക് പരിക്കേല്ക്കുകയായിരുന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ പോലീസ് മര്‍ദ്ദിച്ചാണ് അഖിലേഷിന് പരിക്കേറ്റതെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ. ജി. പ്രിയദര്ശന് തമ്പി മുഖേന കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സ്വകാര്യ അന്യായത്തിന്മേല് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് അത്യപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: