കോട്ടയം: ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം അദാലത്തുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം റവന്യൂ അദാലത്ത് വേദിയിലെത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലകള്‍തോറും റവന്യൂ അദാലത്ത് സംഘടിപ്പിച്ച് റവന്യൂ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന മന്ത്രി അടൂര്‍ പ്രകാശിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു കൊഴുവനാല്‍ സ്വദേശിനി വത്സലകുമാരിയുടെ വസ്തുവിന്റെ പോക്കുവരവ് സംബന്ധിച്ച പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ പാലാ ആര്.ഡി.ഒക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.
ഇതുവരെ പരിഹരിക്കാന്‍ കഴിയാതിരുന്ന പല പ്രശ്നങ്ങളും ആദാലത്തിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് അദാലത്ത് നടക്കുന്ന എട്ടാമത്തെ ജില്ലയാണിത്. അദാലത്തിലെ ജനപങ്കാളിത്തം സന്തോഷമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, സര്‍വേ ഡയറക്ടര്‍ ടി. മിത്ര, എ.ഡി.എം ടി.വി. സുഭാഷ്, ആര്.ഡി.ഒമാരായ പ്രകാശ്, കെ.എസ്. സാവിത്രി, കൗണ്‍സിലര്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
റവന്യൂ അദാലത്തുകള്‍ ജനാധിപത്യത്തിലെ മനോഹരമായ മുഹൂര്‍ത്തമാണെന്ന് വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ചെറിയ ചെറിയ നിയമതടസങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം 2,43,928 പേരാണ് ഭൂമി ലഭിക്കാന്‍ അര്‍ഹര്‍. ഇതില്‍ പകുതിയോളം പട്ടയങ്ങള്‍ കൊടുത്തുകഴിഞ്ഞു. എട്ട് ജില്ലകളിലായി റവന്യൂ അദാലത്തുകളില്‍ 2,49,078 പരാതികള്‍ പരിഹരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഇതിനകം കേരളം മാതൃകയായിക്കഴിഞ്ഞു
ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എം.പി.മാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി എബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ലാന്റ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, സര്‍വേ ഡയറക്ടര്‍ ടി. മിത്ര, മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി വാര്യര്‍, വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ് എ.ഡി.എം ടി.വി. സുഭാഷ്, അസിസ്റ്റന്റ് കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറേല്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ നിന്നും പ്രകൃതിക്ഷോഭ നിധിയില്‍ നിന്നുമുള്ള ധനസഹായം അദാലത്തില്‍ വിതരണം ചെയ്തു.
കോട്ടയം: ആനക്കുഴി കുളം പുറമ്പോക്കിലെ 48 കുടുംബങ്ങള്‍ക്ക് പട്ടയ നടപടിയായി. 15 ദിവസത്തിനകം നടപടി എടുക്കാനാണ് ഉത്തരവ്. കുറിച്ചി വില്ലേജിലാണ് പുറമ്പോക്ക്.
ജില്ലയില്‍ 1966-ല്‍ റെയില്‍വേയില്‍ നിന്ന് ലേലത്തില്‍ പിടിച്ച് ഇതുവരെ പട്ടയം ലഭിക്കാത്ത ഭൂമിക്ക് പട്ടയം നല്കാന് അദാലത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചു. മൂലേടം മുപ്പായിക്കാട് പാട്ടോലക്കല്‍ ജിതിന് ഷാജിക്കാണ് ഇപ്രകാരം പട്ടയം ലഭിക്കുക.
കോട്ടയം: പട്ടയരേഖ ചിതലരിച്ച് പോയപ്പോള്‍ ആശയറ്റത് ഉഷയുടെയും അമ്മ കുഞ്ഞുപെണ്ണിന്റെയും ജീവിതമാണ്. പട്ടയത്തിന്റെ ഉടമ കുറ്റിപ്ലാക്കില് തെയ്യത്താന് തിരുമ അവകാശികളില്ലാതെ മരിച്ചു. മരുമകളായ കുഞ്ഞുപെണ്ണിനാകട്ടെ 35 വര്‍ഷമായി കരമടച്ച് വന്ന സ്ഥലത്തിന്റെ അവകാശം തെളിയിക്കാന്‍ രേഖയുമില്ല. മീനച്ചില്‍ താലൂക്കില്‍ ഇലയ്ക്കാട് വില്ലേജിലെ കൂരോച്ചാലില് കുഞ്ഞുപെണ്ണും മകള്‍ ഉഷയും റവന്യു അദാലത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനെ കാണാനെത്തിയത് അവസാന ആശ്രയം എന്ന നിലയ്ക്കാണ്. മരുമക്കള്‍ക്ക് ലഭിച്ച 10 സെന്റ് ഭൂമിക്ക് 35 വര്‍ഷമായി ഇവര്‍ കരമടക്കുകയാണ്. എന്നാല്‍ പട്ടയരേഖ ചിതല് തിന്നതോടെ അവകാശത്തിന് തെളിവില്ലാതെയായി. റീസര്‍വ്വേ റെക്കോഡ് അനുസരിച്ച് പുതിയ ആധാരം തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കോട്ടയം: വിശ്വനാഥന് നായര്‍ക്ക് ഇനി സ്വന്തം ഭൂമിക്ക് കരം അടയ്ക്കാം. മക്കള്‍ക്ക് ഭൂമി വീതം വയ്ക്കാം. തലയോലപ്പറമ്പ് മിഡായിക്കുന്നില് സന്ധ്യ നിവാസില്‍ വിശ്വനാഥന് നായരുടെ സമ്പാദ്യമായ 57 സെന്റ് ഭൂമിക്ക് കരമടയ്ക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പരാതി പരിശോധിച്ച റവന്യുമന്ത്രി കരമടയ്ക്കാന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കോട്ടയം: ഇരുപതാമത്തെ വയസ്സില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട് അവശനിലയില്‍ കഴിയുന്ന വൈക്കം ചെമ്പ് സ്വദേശി തങ്കപ്പന് റവന്യു മന്ത്രി പ്രത്യേക സഹായം അനുവദിച്ചു. റവന്യു അദാലത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരാതി പരിഹാര നടപടിയിലൂടെയാണ് തങ്കപ്പന് ധനസഹായം അനുവദിച്ചത്.
കോട്ടയം: മീനച്ചില്‍ താലൂക്കില്‍ തലപ്പലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനായ പറക്കുന്നേല്‍ തോമസ്, സഹോദരി ഏലിയാമ്മ എന്നിവരുടെ അപേക്ഷയില്‍ റവന്യു അദാലത്തില്‍ പരിഹാരം. വീല്‍ചെയറില്‍ സഹോദരിയാണ് തോമസിനെ അദാലത്ത് നടക്കുന്ന വേദിയിലെത്തിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന തോമസ് 18 വര്‍ഷം മുന്‍പാണ് തളര്‍ന്ന് കിടപ്പിലായത്. അവിവാഹിതനാണ് തോമസ്.
ഏലിയാമ്മക്ക് രണ്ടര ലക്ഷം രൂപയോളം കടബാധ്യതയുണ്ടെന്നും ജപ്തി ഭീഷണി നേരിടുകയാണെന്നും അവര്‍ മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് മന്ത്രി ഇവരുടെ പരാതി പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.
കോട്ടയം: തോട്ടയ്ക്കാട് പിച്ചനാട്ടുകുളം കോളനിക്കാര്‍ക്ക് ഇനി കരമടയ്ക്കാം. കോളനിയില്‍ കഴിഞ്ഞ 50 വര്‍ഷമായി താമസിച്ചു വരുന്ന 15 പട്ടികജാതി കുടുംബങ്ങള്‍ക്കാണ് റീസര്‍വേ പ്രകാരം പുറമ്പോക്കായ ഭൂമിയുടെ കരം അടയ്ക്കാന്‍ കഴിയാതെ വന്നത്. അഞ്ച് സെന്റ് ഭൂമിയാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 1964ല്‍ പുനരധിവാസപദ്ധതിയില്‍ പെടുത്തിയാണ് 43 കുടുംബങ്ങള്‍ക്ക് കോളനി പട്ടയം നല്‍കിയത്. കൂലിപ്പണിക്കാരായ ഇവര്‍ 1985 വരെ കരം അടച്ച് വന്നതാണ്. വാകത്താനം വല്യുപുരയ്ക്കല് സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇവര്‍ പരാതിയുമായി എത്തിയത്. പരാതിയിന്മേല് നടപടി എടുത്ത് ഒരു മാസത്തിനകം കരമടയ്ക്കാന്‍ അനുവദിക്കണമെന്ന് മന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് റവന്യുമന്ത്രി അടൂര്‍പ്രകാശ് നിര്‍ദ്ദേശിച്ചു. കാഞ്ഞിരപ്പളളി താലൂക്കില്‍ മുണ്ടക്കയം വില്ലേജില്‍ പുതുവല്‍ എസ്.സി കോളനിയില്‍ താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്കാണ് റവന്യു അദാലത്ത് വഴിത്തിരിവായത്. തരിശായ ഭൂമിയില്‍ സ്ഥിരതാമസക്കാരാണിവര്‍. 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്കാന് കാഞ്ഞിരപ്പളളി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: