കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ നഗരമധ്യത്തില്‍ വച്ച് കുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. 9 പേര് അടങ്ങുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. നാട്ടകം മുട്ടം കുരയ്ക്കച്ചിറയില് നിഖിലി(19)നെയാണ് വെസ്റ്റ് സിഐ സക്കറിയ മാത്യു അറസ്റ്റ് ചെയ്തത്. നിഖിലിനോടൊപ്പം അറസ്റ്റ് ചെയ്തവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ജനുവരി പന്ത്രണ്ടിനായിരുന്നു തിരുനക്കര ബിഎസ്എന്‍എല്‍ ഓഫിസിനു പിന്വശത്തുവച്ചു കാരാപ്പുഴ സ്വദേശിയും പബ്ലിക്ക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അശോകിനെ(അച്ചു19) കുത്തിയത്. കേസിലെ പ്രതിയും നാട്ടകം സ്വദേശിയുമായ പതിനേഴുകാരന്റെ സഹോദരനെ അച്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതിന്റെ പ്രതികാരം തീര്‍ക്കുന്നതിനു വേണ്ടിയാണ് ക്വട്ടേഷന്‍ സംഘത്തെയുമായി എത്തി ഇയാള്‍ അച്ചുവിനെ ആക്രമിച്ചത്. സംഭവത്തേ തുടര്‍ന്ന് അക്രമിക്കാന്‍ ഉപയോഗിച്ച കത്തി കോടിമതയ്ക്ക് സമീപം ഉപേക്ഷിച്ച് ശേഷം വാഗമണില്‍ ഒളിവില്‍ പോയി. ഒളിവില്‍ പോയ സംഘാംഗങ്ങള്‍ തിരികെ നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായുരുന്നു അറസ്റ്റ്. ഇതോടെ ഒന്‍പതംഗ സംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഡിവൈഎസ്പി വി. അജിതിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെസ്റ്റ് സി.ഐ. സകറിയ മാത്യുവിന്റെ നേതൃത്വത്തില്‍ എസ്ഐ ടി.ആര് ജിജു, എഎസ്ഐ മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരംഗന്‍, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍ മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി നിഖിലിനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: