ആലുവ: പതിനേഴുകാരനായ ക്യാന്‍സര്‍ രോഗിക്ക് മൂലകോശം ദാനം ചെയ്ത് എടത്തല കെ.എം.ഇ.എ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി പൊതുസമൂഹത്തിന് മാതൃകയായി. കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയും എടവനക്കാട് മാലിപ്പുറം സ്വദേശിയുമായ അജ്മല്‍ റഹ്മാനാണ് മൂലകോശം ദാനം ചെയ്ത് ക്യാന്‍സര്‍ രോഗിയെ പുതുജീവിതത്തിലേക്ക് നയിച്ചത്.
ഗുരുതരമായ അക്യൂട്ട് ലിംഫോ ബഌസ്റ്റിക്ക് ലുക്കീമിയ ബാധിതനായ 17കാരനാണ് അജ്മല്‍ മൂലകോശം ദാനം ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സമാനമായ കാരുണ്യപ്രവര്‍ത്തിയിലൂടെ രണ്ട് പേരുടെ ജീവന് നിലനിര്‍ത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു കോളേജില്‍ നിന്നും മൂന്നു പേര് മൂലകോശ ദാനത്തിന് സന്നദ്ധമാവുന്നത്. വിദേശത്ത് നിന്നടക്കമുള്ള നിരവധി അഭിനന്ദന സന്ദേശങ്ങളാണ് കോളേജിലേക്ക് നേരിട്ടും ഇന്റര്‍നെറ്റ് വഴിയും ലഭിച്ചുവരുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനുവേണ്ടി മൂലകോശ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ധാത്രി’ കോളേജില്‍ സംഘടിപ്പിച്ച മൂലകോശ ക്യാമ്പിന്റെ സംഘാടകനായിരുന്നു അജ്മല്‍. ഇവിടെ രജിസ്റ്റര്‍ ചെയ്ത 17കാരന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ ഘടകങ്ങളോട് കൂടിയ മൂലകോശത്തിന് അജ്മലിന്റെ സാമ്പിളുമായി ഉണ്ടായ സാദൃശ്യമാണ് ഈ കാരുണ്യപ്രവര്‍ത്തിക്ക് വഴിയൊരുക്കിയത്. പതിനായിരത്തില്‍ ഒരാളിനാണ് മറ്റുള്ളവരുടേതിന് സമാനമായ രക്തത്തിലെ മൂലകോശങ്ങള്‍ ഉണ്ടാകുന്നത്.
ഒരാളുടെ ജീവന് രക്ഷിക്കാന്‍ ലഭിച്ച നിമിഷത്തെ സന്തോഷത്തോടെയാണ് അജ്മല്‍ സ്വീകരിച്ചത്. അജ്മലിന്റെ തീരുമാനത്തെ വീട്ടുകാരും പിന്തുണച്ചതോടെ കഴിഞ്ഞ ദിവസം ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ഡോ. നീരജ് സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തില്‍ മൂലകോശദാനം നടന്നു.
കെ.എം.ഇ.എ വിദ്യാര്‍ത്ഥികളായ അക്ഷയ് കൃഷ്ണനും എബിന് സജിയുമാണ് നേരത്തെ മൂലകോശം ദാനം ചെയ്തത്. മൂലകോശം ദാനം ചെയ്ത് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അംഗീകാരവും ആലപ്പുഴ എരമല്ലൂര്‍ സ്വദേശി അക്ഷയ്ക്കാണ്. മൂലകോശം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ വിദ്യാര്‍ത്ഥികളെ ആദരിക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: