ആലപ്പുഴ: ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനായി ആലപ്പുഴയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വേമ്പനാടു കായലില്‍ നാളെ ആരംഭിക്കുന്ന റോവിങ്, കാനോയിങ്, കയാക്കിങ് മത്സരങ്ങള്‍ക്ക് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പട്ടണത്തിലെ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍ ഹോം സ്റ്റേ എന്നിവിടങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലമായി നിരീക്ഷണത്തിലാണ്.
ഹൗസ് ബോട്ടുകള്‍ മറ്റ് കായല്‍ വിനോദ കേന്ദ്രങ്ങളിലും സുരക്ഷയുടെ ഭാഗമായി പരിശോധന പൂര്‍ത്തിയാക്കി. മല്‍സരാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലുകളിലെ ജീവനക്കാര്‍ ഉള്പ്പെടുയുള്ളവര്ക്കു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും മത്സര സ്ഥലങ്ങളിലും മറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പരിശോധിച്ചു വരുന്നു. ഗെയിംസുമായി ബന്ധപ്പെട്ടും അല്ലാതെയും വാഹനങ്ങള്‍ പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉന്നത പോലിസ് മേധാവികള്‍ അടക്കം ആയിരത്തോളം പോലിസ് സേനാംഗങ്ങള്‍ പ്രത്യേക സേവനം നടത്തും. കൂടാതെ സായുധ സേനയുടെ ഒരു കമ്പനി പോലിസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവിയുടെ നേത്യത്വത്തില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട ആറു കേന്ദ്രങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡസ്ക്കും പ്രവര്‍ത്തിക്കും. ആരോഗ്യ വിഭാഗത്തിന്റെയും, അഗ്നിശമനസേനയുടെയും സേവനവും ലഭിക്കും. മത്സര ദിനങ്ങളില്‍ ട്രാക്കിലൂടെയുളള ചെറുവളളങ്ങളുടെയും മറ്റ് ജലയാനങ്ങളുടെയും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ആലപ്പുഴ-തണ്ണീര്‍മുക്കം റൂട്ടില്‍ നേതാജി ജങ്ഷന് കിഴക്കുവശമുളള ഷണ്മുഖം ക്ഷേത്ര മൈതാനത്തും ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിന്റെ ഒരു വശത്തും പാര്‍ക്കിങ്ങിന് അനുവാദം നല്‍കിയിട്ടുണ്ട്. ആസ്പിന്‍വാളിന് അടുത്തുള്ള സ്റ്റാര്‍ട്ടിങ് പോയിന്റിലേക്കും ഫിനിഷിങ് പോയിന്റിലേക്കുമുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ജനങ്ങള്‍ ഗതാഗത ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: