ആലപ്പുഴ: കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും ഉല്പാദന-ആഗോള വിപണന സാദ്ധ്യതകള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കയര്‍ കേരള പ്രദര്‍ശന വിപണന മേളയുടെ അഞ്ചാമത് പതിപ്പിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഒന്നിന് തുടക്കമാകും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
പരമ്പരാഗത തൊഴില്‍ മേഖലയായ കയര്‍ മേഖലയുടെ ഉന്നമനത്തിനായി ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ലക്ഷക്കണക്കിനു വരുന്ന കയര്‍ തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയുമാണ് കയര്‍ കേരളയുടെ ലക്ഷ്യം. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കയര്‍ വികസന വകുപ്പാണ് കയര്‍ കേരള 2015 സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ ഗവേഷണ കൈകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് മേളയുടെ ഏകോപനം.
53 രാജ്യങ്ങളില്‍ നിന്നുള്ള 170 ബയര്‍മാരും 300 ആഭ്യന്തര ബയര്‍മാരും കയര്‍ കേരളയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. നൂതനങ്ങളായ കയര്‍ ഉത്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദര്‍ശനവും വിപണനവും മേളയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 1.75 കോടി രൂപയും സംസ്ഥാനസര്‍ക്കാരിന്റെ രണ്ടരക്കോടി രൂപയും ഉപയോഗിച്ചാണ് മേള നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: