ഹിമശിഖരിതന് തണുപ്പിലാകാശ
ഗഹനതയില്‍ നീ മഹാപ്രവാഹമായ്
പഴംപാണന് മീട്ടും കടുംതുടികളി-
ലുണര്ത്തുപാട്ടുമായ്, ധമനിയില്‍ സൂര്യ-
രുധിരമായ് സ്മൃതി തടം തല്ലിപ്പത-
ഞ്ഞലച്ചാര്ത്തുപായും പ്രപഞ്ചഭാവന.
ശരമുനകള്ക്കു കവിതയേകിയും,
കൊലനിലങ്ങളെ പുണര്ന്നൊഴുകിയും,
വഴുപ്പുമാറാത്ത മറുപിള്ളയ്ക്കു പാ-
ലമൃതൂട്ടിപ്പുതച്ചുറക്കി ലാളിച്ചും
പകലുമല്ലുമായ് പിണങ്ങിലും, പിരി-
ഞ്ഞൊഴുകുന്നൂ സ്വച്ഛസ്ഫടികശുദ്ധിയില്
പല സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയും,
ചരമതീരത്തില് തിരികെടുത്തിയും,
മിഴാവൊലി തേങ്ങും തടങ്ങളെ തുള്ളല്‍-
ക്കഥകളാക്കിയും, വനാന്തരങ്ങളില്‍
കുറുങ്കുഴല്പ്പാട്ടിന് മുളന്തേനില് കാലം
കുറുക്കിയ താളക്കൊഴുപ്പുണര്ത്തിയും
അകത്തൊരോര്മ്മപോ,ലൊഴുകുന്നൂ മന്ദ്ര-
മധുരമന്ത്രമായ് മനോജ്ഞരൂപിണി
ശരദൃതുക്കള്തന് കണിയുരുളിയില്‍
മനംകാണും കണ്ണാടിയായ്, ജപമന്ത്ര-
ധ്വനി മുഴങ്ങുമാശ്രമവനികയില്
പുകയേറ്റു ചുവന്നിരുമിഴിയുമായ്
വലംപിരിശംഖിന് സിരയിലൂടിറ്റും
കുളിരിന് തീര്‍ത്ഥമാ,യുടഞ്ഞു ചിന്നിയും
കുരുതികളൊഴിഞ്ഞൊരു മലങ്കാളി-
ത്തിരുനടതൊഴു,തടിമൂന്നു പിന്വെ-
ച്ചകമലരിതള് സ്വയം നേര്‍ന്നും, കള-
കളാരവസ്തോത്രം പൊഴിച്ചൊഴുകുന്നു.
ഇവള് ജടയില്നിന്നുറന്നവള്, മാറു-
പിളര്‍ന്നൂറ്റി രക്തം കുടിച്ച ചാമുണ്ഡി
ശിവനടനത്തിന് ചിദംബരമുദ്ര
ഉയിരുണര്ന്നാടും വരകുണ്ഡലിനി
ചിതറിയ താരസ്വരങ്ങളില് സത്യ
ശിവസൗന്ദര്യമായ്, ത്രികാലാതീതമായ്,
ത്രിഗുണലീനമായ്, അനാദിയാം പൊരുള്‍
മറച്ച പാടപോല്‍ കുതിച്ചകലുന്നു
ധൃതഗതിയില്‍ നീ സമാഗമത്തിനി-
ന്നമൃതലേഖപോല്,ക്കടന്നെന്നാത്മാവില്
വിലയിക്കേ, ജ്യോതിര്ല്ലയസ്വരൂപിയായ്
ജനിമൃതി കടന്നതീതചേതന
പ്രതികരിക്കാൻ ഇവിടെ എഴുതുക: