കൊല്ലം: ദേശീയ ഗെയിംസിലെ ഹോക്കി, റഗ്ബി പോരാട്ടങ്ങള്‍ക്കൊപ്പം കൊല്ലത്തുകാര്‍ക്ക് ആസ്വാദിക്കാന്‍ കലയുടെ നിറവിരുന്നും. ദേശീയ ഗെയിംസിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം നഗരത്തിലെ വേദികളില്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഒന്നിന് വൈകിട്ട് നാലിന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. ആശ്രാമം കുട്ടികളുടെ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ എം.എ.ബേബി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
മേയര്‍ ഹണി ബഞ്ചമിന്, എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്, കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ പി.കെ.ഗുരുദാസന്, എ.എ.അസീസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് എന്നിവര്‍ മുഖ്യാതിഥികളാകും. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹികസാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന് സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.ഓമന നന്ദിയും പറയും.
ഗാനമേള, കുച്ചുപ്പുടി, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, മാജിക്ഷോ, ബോധവല്‍ക്കരണ നാടകങ്ങള്‍, ഫിലിംഷോ, ഹിന്ദുസ്ഥാനി വോക്കല്‍, കവിയരങ്ങ്, കഥാപ്രസംഗം, ഗസല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. മജീഷ്യന്‍ മുതുകാട്, ഗസല്‍ ഗായകന് ഷഹബാസ് അമന്, ഗായകന് രമേഷ് നാരായണ്‍ തുടങ്ങിയവര്‍ കൊല്ലത്തെ വേദികളിലെത്തും.
കായികമേഖലയുമായി ബന്ധപ്പെട്ട മേരികോം, 1983 തുടങ്ങിയ സിനിമകളാണ് സാംസ്കാരികോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. ആശ്രാമം കുട്ടികളുടെ പാര്‍ക്ക്, എഞ്ചിനീയേഴ്സ് ക്ലബ്, ഫാത്തിമാ കോളേജ് ആഡിറ്റോറിയം, ജില്ലാ സഹകരണബാങ്ക് ആഡിറ്റോറിയം തുടങ്ങിയവയാണ് വേദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: