ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം തീരെയില്ലെന്ന് വിജിലന്‍സ് സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി. കൊടിമരത്തിന്റെ സാമ്പിള്‍ പരിശോധിച്ച് ഫോറന്‍സിക്ക് സംഘം നല്കിയ ലാബ് റിപ്പോര്‍ട്ടാണ് കഴിഞ്ഞ 27ന് വിജിലന്‍സ് എസ്പി സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിക്ക് കൈമാറിയത്.
കൊടിമരം സംബന്ധിച്ച കേസ് പരിഗണിച്ച അന്നേദിവസം ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘത്തിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വരുന്ന ഫെബ്രുവരി 14വരെ ഇതിന്മേല് മറ്റൊരുനടപടി വേണ്ടെന്ന് അറിയിച്ച് കേസ് മാറ്റുകയായിരുന്നു. സ്വര്‍ണ്ണകൊടിമരത്തില്‍ ക്ലാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭക്തജനസമിതി ഭാരവാഹി മണികണ്ഠന് നല്കിയ പരാതിയിലാണ് ഹൈക്കോടതി നടപടി. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊടിമരം പരിശോധിക്കാന്‍ ഫോറന്‍സിക്ക് അധികൃതരേയും വിജിലന്‍സിനേയും ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ഭക്തജനസമിതിക്കുവേണ്ടി അഡ്വ.സുഭാഷ്ചന്ദ്രബോസ് കോടതിയില്‍ ഹാജരായി.
ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടികാട്ടി ഭക്തജനങ്ങള്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കൊടിമര പരിശോധന നടത്തിയ ഫോറന്‍സിക് സംഘം കൊടിമരത്തില്‍ പ്രത്യക്ഷപ്പെട്ടത് ക്ലാവ് തന്നെയാണെന്നും നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്.
യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ.്വിജയന് ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ.ഗോപന്, പി.പങ്കജാക്ഷന്, പരിമണം ശശി, പുലിക്കുഴി ബാലചന്ദ്രന്, മുതുപിലാക്കാട് രാജേന്ദ്രന്, അയ്യപ്പന്‍പിള്ള, കിടങ്ങയം സോമന്, കെ.കരുണാകരന്‍പിള്ള, മണികണ്ഠന്, ബൈജു എന്നിവര്‍ സംസാരിച്ചു. പി.ആര്.ഗോപാലകൃഷ്ണന് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: