ചെറുവത്തൂര്‍: ചെറുവത്തൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കുറിത്തട്ട് പ്രകാശനത്തോടനുബന്ധിച്ചുള്ള വനിതാ കൂട്ടായ്മ ഇന്ന് വൈകിട്ട് 4ന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :പി.പി.ശ്യാമള ദേവി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കളിയാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഭക്തിഗാന ഓഡിയോ വീഡിയോ കാസറ്റിന്റെ പ്രകാശനവം നടക്കും.
ചെറുവത്തൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചാരിമേളത്തോടെ ചടങ്ങിലെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് കുറിത്തട്ട് കലാകാരന്മാര് അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെറുവത്തൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. 1984 ലാണ് ഇവിടെ അവസാനമായി മുച്ചിലോട്ട് ഭഗവതിയെ കെട്ടിയാടിയ കളിയാട്ടം നടന്നത്.
ഫെബ്രുവരി നാലുമുതല്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തിന്റെ മുന്നോടിയായി ഇതിനകം വിവിധ ചടങ്ങുകള്‍ നടന്നു കഴിഞ്ഞു. കളിയാട്ടം എല്പ്പിക്കല്, കൂവം അളക്കല്‍, നിലംപണി, കലവറ, കന്നിക്കലവറ നിര്‍മ്മാണം, നാലിലാ പന്തല്‍ നിര്‍മ്മാണം, പാലക്ക് കുറിയിടല് , ഏളത്ത്, വരച്ചുവെക്കല്‍ തുടങ്ങിയവയാണ് കളിയാട്ടത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ പ്രധാന ചടങ്ങുകള്‍. ശ്രീ വീരഭദ്ര ക്ഷേത്രത്തില്‍ നിന്നും പകര്‍ന്നു തരുന്ന ഭദ്രദീപവും തിരിയും ഉപചാരപൂര്‍വ്വം ആഘോഷത്തോടെ മുച്ചിലോട്ട് ക്ഷേത്രത്തിലെത്തുന്നതോടെയാണ് നാല് ദിനരാത്രങ്ങളിലായി നീണ്ടു നില്ക്കുന്ന മഹോത്സവത്തിന് തിരിതെളിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: