കൊച്ചി: മലയാളഭാഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും വളര്‍ച്ചയ്ക്കും വിദേശ മലയാളികളുടെ പങ്ക് നിസ്തുലമാണെന്ന് സാഹിത്യകാരന് ബന്യാമിന്. ലെ മെരിഡിയന്‍ രാജ്യാന്തര കണ്വെന്ഷന് സെന്ററില്‍ ആഗോള പ്രവാസി മലയാളി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മലയാളവും കേരള സംസ്കാരവും പ്രവാസി മലയാളിക്ക് മേലുള്ള സ്വാധീനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ടര്‍ വ്യാപകമാകുന്നതോടെ ഈ കൊച്ചുഭാഷ നിലനില്‍ക്കില്ലെന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി യൂണികോഡ് എന്ന കമ്പ്യൂട്ടര്‍ ഭാഷയുണ്ടാക്കി മലയാളത്തെ ലോകമാകെ പടര്‍ത്താന്‍ സഹായിച്ചത് വിദേശ മലയാളികളാണ്. സാധാരണക്കാര്‍ പോലും ഇപ്പോള്‍ ബ്ലോഗും ഫേസ്ബുക്കും ഉപയോഗിച്ച് തങ്ങളുടെ സ്വത്വം മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മലയാള ഭാഷയുടെ ഉണര്‍വ് വിദേശത്താണ് നടന്നു കൊണ്ടിരിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ച ഉണ്ടായത് കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളി എഴുത്തുകാര്‍ വഴിയാണ്്. ആനന്ദ്, ഒ. വി. വിജയന്, മുകുന്ദന്, സക്കറിയ, സേതു, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, സിതാര തുടങ്ങി പുതിയ യുഗത്തിലെ മലയാള എഴുത്തുകാരായി വാഴ്ത്തപ്പെടുന്നവരില് ഭൂരിഭാഗം പേരും കേരളത്തിന് പുറത്ത് താമസിച്ചിരുന്നവരാണ്.
സംസ്ഥാന സര്‍ക്കാരും കേരള സാഹിത്യഅക്കാദമിയും എല്ലാവിധ പ്രോത്സാഹനവും ഇപ്പോള്‍ ഭാഷയുടേയും സാഹിത്യത്ത=ിന്റേയും വളര്‍ച്ചയ്ക്ക് നല്കുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുള്ള എല്ലാ മേഖലകളിലും സാഹിത്യ അക്കാദമിയുടെ പ്രനര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളെ സാഹിത്യ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്താനാവില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള സാഹിത്യ അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരന് പറഞ്ഞു. ശ്രദ്ധേയമായ സാഹിത്യ കൃതികളും പ്രവാസി എഴുത്തുകാരില്‍ നിന്നും സാഹിത്യ ലോകത്തിന് ലഭിച്ചിട്ടുണ്ട്. കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: