കൊട്ടാരക്കര: പോലീസില്‍ അംഗബലത്തിനും വാഹനത്തിനും അനുസരിച്ച് ഡ്രൈവര്‍മാരില്ലാത്തതു മൂലം സ്റ്റേഷന് പ്രവര്‍ത്തനം താളംതെറ്റുന്നു. അത്യാവശ്യത്തിന് ഈ കുറവ് നികത്തുന്നത് വിരമിച്ച സൈനികരായ ഹോംഗാര്‍ഡുകളാണ്. നിയമം അനുസരിച്ച് ഇവര്‍ക്ക് പോലീസ് വാഹനം ഓടിക്കാന്‍ വിലക്ക് ഉണ്ടെങ്കിലും വേറെ വഴിയില്ലാതെ ഇവരെയാണ് ആശ്രയിക്കുന്നത്.
പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും മേലുദ്യോഗസ്ഥര്‍ തന്നെ വാഹനം ഓടിക്കുകയോ ഡ്രൈവിംഗ് അറിയാവുന്ന സിപിഒ മാരെ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഇതുമൂലം ഇവരുടെ ജോലിയും തടസ്സപ്പെടുകയാണ് ചെയ്യുന്നത്. നിരവധി ഹതഭാഗ്യര്‍ ഈ ജോലി കാത്ത് വേഴാമ്പലിനെപോലെ കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നത്. കെഎപി-3ല്‍ മാത്രം അറുനൂറോളം ഡ്രൈവര്‍മാരുടെ ഒഴിവ് ഉള്ളപ്പോള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യത് മുപ്പത് ഒഴിവുകള്‍ മാത്രമാണ്. പുതിയ തസ്തിക സൃഷ്ടിച്ചാല്‍ അഞ്ഞൂറുപേരെ പുതുതായി നിയമിക്കാന്‍ കഴിയും.
പോലീസില്‍ ആകെ 2637 പേരുടെ കുറവ് ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റാങ്ക് ലിസ്റ്റില്‍ ആകെയുള്ളത് 2877 പേരും. പലരും ഇനിയും നിയമനം നടന്നില്ലങ്കില്‍ ലിസ്റ്റില്‍ നിന്നുതന്നെ പുറത്തുപോകും. 2003ലാണ് ഏറ്റവും അവസാനം ഡ്രൈവര്‍ തസ്തിക വര്‍ദ്ധിപ്പിച്ചത്. അതിനുശേഷം പോലിസ് സ്റ്റേഷനുകള്‍, കണ്ട്രോള് റൂമുകള്‍, വാഹനങ്ങള്‍ എന്നിവയുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചെങ്കിലും തസ്തികകളില്‍ മാറ്റം സര്‍ക്കാര്‍ വരുത്തിയിട്ടില്ല. അധികാരികള്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: