എടത്വ: പാണ്ടങ്കരി ഒന്‍പതാം വാര്‍ഡിലെ പാലപ്പറമ്പ് കോളനിയില്‍ ശുദ്ധജല ലഭ്യത ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രശ്നം പരിഹരിക്കാന്‍ സിഐ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വിട്ടു നിന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. ശുദ്ധജലം ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ബിജെപി അറിയിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. കുഞ്ഞപ്പിയുടെ ആരോഗ്യനില വഷളായി.
പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് ജനങ്ങളുടെ കുടിവെള്ളമാണ് മുട്ടിച്ചത്. തൊഴിലും വരുമാനവും ഉപേക്ഷിച്ച് സമരപന്തലിലെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമവാസികളുടെ സമരം കടുത്ത ജലക്ഷാമമാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരു കുടം ജലത്തിന് വേണ്ടിയുള്ള സമരപന്തലിന് സമീപങ്ങളില്‍ രണ്ടിടങ്ങളിലായി ജലഅതോറിട്ടറിയുടെ പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് പരിസരവാസികള്‍ പറയുന്നു. അറ്റകുറ്റപ്പണിക്കായി പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ ഇരട്ടിയോളം വെള്ളം പൈപ്പ്പൊട്ടിയും വാല്‍വ് ചോര്‍ന്നും പാഴാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: