ആലപ്പുഴ: ദേശീയപാതയോരത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് പണം അപഹരിച്ച കേസില്‍ രണ്ടു യുവാക്കളെ നോര്‍ത്ത് പോലീസ് പിടികൂടി. ആലപ്പുഴ വടയാട്ടുശേരി കോളരിക്കല്‍ പുതുവല്‍വീട്ടില്‍ ബിബിന്‍ (സ്പൈഡര്‍-22), അവലൂക്കുന്ന് വെളിമ്പറമ്പ് കമ്പിക്കകത്ത് മുനീര്‍ (22) എന്നിവരെയാണ് നോര്‍ത്ത് സിഐ: വി. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 14ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. പാതിരപ്പള്ളിയിലെ കെ.എ. ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കേരള ഓയില്‍ കമ്പനി എന്ന പെട്രോള്‍ പമ്പില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരന് രാജുമോന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വാളിനു വെട്ടി വീഴ്ത്തി 30,000 രൂപയാണ് ഇരുവരും കവര്‍ന്നത്. പ്രതികള്‍ സുഹൃത്തുക്കളായിരുന്നു. ബൈക്കും മൊബൈല്‍ ഫോണും വാങ്ങിക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പറയപ്പെടുന്നു.
മോഷണദിവസം രാവിലെ മുതല്‍ തന്നെ ഇവര്‍ പെട്രോള്‍ പമ്പിനു സമീപത്ത് തമ്പടിച്ച് ഇവിടുത്തെ നീക്കങ്ങള്‍ നിരീക്ഷിച്ചു. അര്‍ദ്ധരാത്രിയോടെ ആയുധങ്ങളും മുളകുപൊടിയുമായി എത്തുകയായിരുന്നു. രണ്ട് മണിയോടെ പമ്പിലെ തിരക്കു കുറഞ്ഞപ്പോഴാണ് ഇവര്‍ അക്രമം നടത്തിയത്. പിന്നീട് പണം തുല്യമായി വീതിച്ച് ബിബിന്‍ ചങ്ങനാശേരിയിലേക്ക് കടന്നു. ഇവിടെ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുകയായിരുന്നു.
മോഷണത്തിനു പിന്നില്‍ ബിബിനാണെന്ന് പോലീസിന് വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല. ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ബിബിനില്‍ നിന്നാണ് കൂടെയുണ്ടായിരുന്നത് മുനീറാണെന്ന് വ്യക്തമായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇരുവരും. അമ്മയെ അക്രമിച്ച കേസിലെ പ്രതിയാണ് ബിബിന്‍. മുനീര്‍ നിരവധി മൊബൈല്‍ ഫോണ്‍ മോഷണ കേസുകളിലെ പ്രതിയാണ്.
എസ്ഐ: ചാക്കോ, എഎസ്ഐമാരായ ജെയിംസ്, രാജഗോപാല്‍, സിപിഒ: മധു, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് എന്നിവരടങ്ങുന്ന സഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: