കൊല്ലം: ചിന്നക്കട അടിപ്പാതനിര്മ്മാണവും ഇരുമ്പുപാലത്തിന്റെ സമാന്തരപാലത്തിന്റെ നിര്‍മ്മാണവും ജില്ലാകേന്ദ്രത്തിലെ വ്യാപാരമേഖലയെ വന്‍ സാമ്പത്തിക ദുരന്തത്തിലേയ്ക്ക് നയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍. ഇതിന് ഉത്തരവാദികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരും ജില്ലയിലെ ജനപ്രതിനിധികളുമാണ്.
വ്യാപാര സിരാകേന്ദ്രങ്ങളായ ചിന്നക്കട, പായിക്കട എന്നിവിടങ്ങളില്‍ ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമെല്ലാം കച്ചവടക്കാര്‍ വെറും നോക്കുകുത്തികളായി ഇരിക്കേണ്ട ഗതികേടിലായിരുന്നു. ഹോട്ടലുകള്‍, തീയേറ്ററുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളുടേയും അവസ്ഥ ഇതു തന്നെ. കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ സാധിക്കാത്ത തരത്തില്‍ പൊടിപടലങ്ങള്‍ കൊണ്ട് നഗരം മാസങ്ങളായി പൊറുതിമുട്ടുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടുന്ന അവസ്ഥ, ആളുകള്‍ക്ക് ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല ഗുഡ് ഷെഡ്ഡില്‍ നിന്ന് ചരക്കു കൃത്യമായി കൊണ്ടുപോകാനും കഴിയാത്ത അവസ്ഥ.
ഈ അവസ്ഥയില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനത്തിന്റെ ഭാഗമായിട്ടാണ് എം.പി പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രസ്താവന. ഈ വൈകിയ വേളയില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി വിലപിക്കുന്ന എം.പി ഒരുമുഴം നീട്ടിയെറിയുകയാണ്. 31ന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പ് തട്ടിപ്പാണെന്നുള്ളത് നേരിട്ടറിയാവുന്ന ആളാണ് പ്രേമചന്ദ്രന്. ഈ പശ്ചാതലത്തില്‍ സകല ക്ഷമയും അറ്റുനില്ക്കുന്ന ജനതയുടെ പ്രതികരണത്തില്‍ നിന്ന് രക്ഷപെടുന്നതിനു അവരുടെ വികാരത്തിനൊപ്പം കൂട്ടുനില്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു പ്രാഞ്ചിയേട്ടന് തന്ത്രമാണിത്.
തുടക്കം മുതല്‍ തന്നെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധകേന്ദ്രങ്ങളില്‍ നിന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടികാണിക്കപ്പെട്ടിരിക്കുന്നു. നിര്‍മ്മാണത്തിന്റെ ഡിസൈന്‍ പോലും ചെയ്യാതെയാണ് സമാന്തരപാലത്തിന്റെ സ്ഥലമേറ്റെടുത്ത് തുടക്കം മുതല്‍ തന്നെ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത എം.പി അന്നൊന്നും ഉരിയാടാതെ ഇന്ന് പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. നിര്‍മ്മാണത്തിന്റെ വിലയിരുത്തല്‍ അവസാനഘട്ടത്തിലല്ല ചെയ്യേണ്ടത് തുടക്കം മുതല്‍ ഘട്ടംഘട്ടമായി ചെയ്യേണ്ട നടപടികളാണ്.
പണി തുടങ്ങിയതുമുതല്‍ അദ്ദേഹത്തിന്റെ മുന്നണിയിലെ എംഎല്‍എയും എംപി ആയതിനുശേഷം അദ്ദേഹം നേരിട്ടും നേതൃത്വം നല്കുന്ന പദ്ധതിയിലെ പാളിച്ചകള്‍ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതിന് ഉത്തരവാദിയാണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ ഓളിച്ചോട്ടമാണെന്നും എം.സുനില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: