ശബരിമല : മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായി ഇത്തവണയും കന്നി അയ്യപ്പന് സന്നിധാനത്തെത്തി. തിരുവനന്തപുരം വലിയതുറ സ്വദേശി സത്യനാരായണ സ്വാമി (16)യാണ് കന്നികെട്ടുമായി പതിനെട്ടാം പടി ചവിട്ടിയത്.
തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ കൊട്ടാരം പ്രതിനിധി ഗുരു സ്വാമി രാം നാഥിനൊപ്പമാണ് സത്യനാരായണന് ദര്‍ശനം നടത്തിയത്. കവടിയാര്‍ കൊട്ടാരത്തിലെ ശ്രീ മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവ് ക്ഷേത്രദര്‍ശനത്തിനു ശേഷം നവരാത്രിമണ്ഡപത്തില്‍ നിന്നാണ് നെയ്യ് തേങ്ങ നിറച്ചുനല്‍കിയത്. തലമുറകളായി രാജകുടുബത്തില്‍ നിന്നാണ് മകരസംക്രമ ദിനത്തില്‍ അയ്യപ്പ സ്വാമിയ്ക്ക്അഭിഷേകത്തിനായുള്ള നെയ്യ് തേങ്ങയെത്തിക്കുന്നത്. കവടിയാര്‍ കന്നിസ്വാമിയും, ഗുരു സ്വാമിയും സന്നിധാനത്ത് എത്തി തന്ത്രി കണ്ഠരര് രാജീവരരെ സന്ദര്‍ശിച്ച് വിവരം അറിയിച്ചു.
മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി പതിനെട്ടാം പടി ചവിട്ടാന്‍ സാധിച്ചത് അയ്യപ്പസ്വാമി നല്കിയ അപൂര്‍വ സൗഭാഗ്യമാണെന്നും വരും വര്‍ഷങ്ങളിലും മല ചവിട്ടാന്‍ ആഗ്രഹമുണ്ടെന്നും കന്നി സ്വാമി പറഞ്ഞു. തിരുവനന്തപുരം വലിയനട സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സത്യനാരായണന്.
കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജ കുടുംബത്തിന്റെ പ്രതിനിധിയായി കന്നി അയ്യപ്പന്മാര്ക്ക് വഴികാട്ടിയാകാന്‍ കഴിഞ്ഞതില്‍ അയ്യപ്പ സ്വാമിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഗുരുസ്വാമി രാം നാഥ് പറഞ്ഞു. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ രാംനാഥ് കവടിയാര്‍ മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയുമായി മുപ്പത് വര്‍ഷം മുമ്പ് കന്നിസ്വാമിയായി സന്നിധാനത്തെത്തിയിരുന്നു. മകര വിളക്ക് ദര്‍ശനത്തിനു ശേഷം വ്യാഴാഴ്ച ഇരുവരും മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: