എടത്വ: പാണ്ടങ്കരി പാലപ്പറമ്പില്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചു നല്‍കാമെന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി എടത്വ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പാണ്ടങ്കരി ഒന്‍പതാം വാര്‍ഡ് പാലപ്പറമ്പില്‍ കോളനി നിവാസികള്‍ക്കാണ് കുടിവെള്ളം നിഷേധിച്ചത്.
ലക്ഷംവീട് കോളനി ഉള്‍പ്പെടെ അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ളം എത്തിക്കാമെന്ന അധികൃതര്‍ പലതവണ വാഗ്ദാനം നല്‍കിയിട്ടും പാലിക്കാത്തതാണ് കോളനി നിവാസികളെ ചൊടിപ്പിച്ചത്. കുടിവെള്ളത്തിന്റെ പേരില്‍ പലതവണ പ്രതിഷേധം നടന്ന പ്രദേശത്ത് അവസാനമായി കഴിഞ്ഞ ഡിസംബര്‍ 25ന് കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. പ്രഖ്യാപന തീയതി കഴിഞ്ഞ് നാളുകള്‍ പിന്നിട്ടിട്ടും കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് പ്രതിനിധികള്‍ ഒഴിയുകയായിരുന്നു. പട്ടികജാതിക്കാരും ദരിദ്രരും താമസിക്കുന്ന കോളനിയില്‍ ശുദ്ധജലക്ഷാമംമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. സമീപത്തെ മാലിന്യമേറിയ തോട്ടില്‍ നിന്നുള്ള വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ അനിശ്ചിതകാലത്തേക്ക് പഞ്ചായത്ത് പടിക്കല്‍ നിരാഹാരം ആരംഭിക്കുകയായിരുന്നു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ്പി.എന്‍. കുഞ്ഞപ്പിയാണ് ആദ്യഘട്ടത്തില്‍ നിരാഹാരമിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം മണിക്കുട്ടന് ചേലേകാട്, കെ.എന്‍. കൃഷ്ണന്, ജി. വിജയകുമാര്‍, അനില്‍ മങ്കോട്ടച്ചിറ, വി.ആര്. സിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: