കരുനാഗപ്പള്ളി: വിരണ്ടോടിയ ആനയെ മയക്കുമരുന്നുവെടി വയ്ക്കുന്നതിനിടെ ആനയുടെ കുത്തേറ്റുമരിച്ച എലിഫന്റ് സ്ക്വാഡ് അംഗം ഡോ.സി.ഗോപകുമാറിന് (47) നാടിന്റെ അന്ത്യാജ്ഞലി. കരുനാഗപ്പള്ളി ആമ്പാടിമുക്കിന് തെക്കുവശം കാക്കരവീട്ടില്‍ പരേതനായ ചന്ദ്രശേഖരന് നായരുടെയും റിട്ട.അദ്ധ്യാപിക സരസ്വതി അമ്മയുടെയും മകനാണ് മരിച്ച ഡോ.സി.ഗോപകുമാര്‍.
കരുനാഗപ്പള്ളിയിലെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനുപേര്‍ ഇന്നലെ വൈകിട്ട് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി, ഡോ.വി.ശശിധരന്‍പിള്ള, എന്‍ജിഒ സംഘ് നേതാവ് ടി.എന്‍.രമേശന്, എഡിഎം എന്നിവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വനം, മൃഗസംരക്ഷണവകുപ്പു മേധാവികളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
എലിഫന്റ് സ്ക്വാഡ് എന്ന നിലയില്‍ ഡോ.ഗോപകുമാര്‍ എല്ലാ ക്ഷേത്രങ്ങളുടെയും രക്ഷകനായിരുന്നുവെന്ന് മരണവീട്ടില്‍ എത്തിയ ആനപ്രേമികള്‍ പറഞ്ഞു. ഓരോ ക്ഷേത്രങ്ങളിലും നിരന്തരം വിളിച്ച് ആനകളുടെ വിശേഷം തിരക്കുന്നരീതി മുടക്കം കൂടാതെ തുടര്‍ന്നുവന്ന മാതൃകാപരമായ ഡോക്ടറായിരുന്നു ഗോപകുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കരുനാഗപ്പള്ളി കുടുംബവീട്ടില്‍ അമ്മ മാത്രമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: