ആലുവ: ചകിരിച്ചോറിന്റെ മറവില്‍ കടത്തിയ പത്തുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. ഡ്രൈവര്‍ മലപ്പുറം സ്വദേശി ജാസിന് അറസ്റ്റിലായി.
ഇന്നലെ പുലര്‍ച്ചെ മാര്‍ക്കറ്റിന് സമീപം ഉളിയന്നൂര്‍ പാലത്തിടുത്തുവച്ചാണ് പുകയില ഉത്പന്നം കടത്തിയ വാഹനവും ഡ്രൈവറെയും പോലീസ് പിടികൂടിയത്. കയര്‍ നവീകരണസംഘങ്ങളിലേക്ക് കൊണ്ടുപോകുന്ന ചകിരിച്ചോറിന്റെ അടിയില്‍ ഒളിപ്പിച്ചനിലയില്‍ 30 തുണിച്ചാക്കുകളിലായി അമ്പതിനായിരത്തോളം പാക്കറ്റ് ഹാന്‍സ് കണ്ടെടുത്തു.
പെരിന്തല്‍മണ്ണ സ്വദേശി ഫൈസല്‍ എന്നയാള്‍ ഉളിയന്നൂര്‍ സ്വദേശി അയൂബിന് എത്തിക്കുന്നതിനായി കൊടുത്തയച്ചതാണ് ഹാന്‍സ് എന്ന് പിടിയിലായ ഡ്രൈവര്‍ മലപ്പുറം സ്വദേശി ജാസിന് പോലീസിനോട് പറഞ്ഞു. ഫൈസലിന്റെ നിര്‍ദ്ദേശപ്രകാരം കോയമ്പത്തൂരില്‍നിന്നും പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിലാണ് ഹാന്‍സ് പെരിന്തല്‍മണ്ണയില്‍ എത്തിക്കുന്നതെന്നും പിന്നീട് ഇവിടെനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴയിലേക്ക് ചകിരിച്ചോര്‍ അയക്കുന്നതിന്റെ മറവിലാണ് ഉളിയന്നൂരിലേക്ക് ഹാന്‍സ് എത്തുന്നത്. വാഹനത്തില്‍ ആദ്യം ഹാന്‍സ് ചാക്കുകള്‍ നിരത്തിയശേഷം മുകളില്‍ ചകിരിച്ചോര്‍ വച്ച് കെട്ടിയ നിലയിലായിരുന്നു.
ലഹരി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചശേഷം രണ്ടുരൂപയ്ക്ക് ലഭിച്ചിരുന്ന ഹാന്‍സിന് ഇപ്പോള്‍ 20 മുതല്‍ 30 രൂപവരെയാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: